ചെന്നൈ:കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് കാസ്റ്റിങ് കൗച്ച് വിഷയം. സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് സംബന്ധിച്ച് നയന്‍താര വരെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
‘കരിയറിന്റെ തുടക്കത്തിൽ ഒരു പ്രധാനപ്പെട്ട വേഷം വാഗ്ദാനം ചെയ്ത് എന്നെ സമീപിച്ചു. പകരം ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് അവർ പറഞ്ഞു. എന്‍റെ കഴിവിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ് ഞാന്‍ ആ അവസരം ഒഴിവാക്കി’ എന്നാണ് നയന്‍താര കുറച്ച് നാൾ മുമ്പ് പറഞ്ഞത്.
സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്ക്രീനിലെത്തി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയ നടിയാണ് നയന്‍താര. മലയാളത്തില്‍ കരിയര്‍ തുടങ്ങി തമിഴിലെത്തി സൂപ്പർ സ്റ്റാർ എന്ന പദവി നയന്‍താര സ്വന്തമാക്കി. നേരത്തെ നടി അനുഷ്ക ഷെട്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ രംഗത്തെത്തിയിരുന്നു.
നടിമാരുടെ അഭിനയിക്കാനുള്ള കഴിവ് കണക്കിലെടുക്കാതെ ചിലര്‍ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് അനുഷ്ക ഷെട്ടി പറഞ്ഞത്. അതുപോലെ തന്നെ മലയാളത്തിലെ നിരവധി സിനിമാ സീരിയൽ താരങ്ങളും കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസാരിച്ച് എത്തിയിരുന്നു.
ഇപ്പോഴിത തെലുങ്ക്, കന്നട, തമിഴ് സിനിമകളിൽ സജീവമായ നടി അമാനി തന്റെ കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. തെലുങ്ക് സിനിമാ വ്യവസായത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളുടെ ഗ്രൂപ്പിൽ പ്രധാനപ്പെട്ട നടിയാണ് അമാനി എന്ന മുതിർന്ന നടി. അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അവർ ചില ഗുരുതരമായ പരാമർശങ്ങൾ നടത്തിയിരുന്നു.
ഒരു അഭിനേതാവാകാനുള്ള തന്റെ ആഗ്രഹത്തിൽ അമാനി ഉറച്ച് നിൽക്കുകയും തന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിൽ നിന്നും പിന്നോട്ട് പോവുകയും ചെയ്യാതെയാണ് കാസ്റ്റിങ് കൗച്ചിനെ മറി കടന്നത്.
ഒരു അഭിനേത്രിയെന്ന നിലയിൽ അവസരം സമ്പാദിക്കാൻ അമാനി കഠിനമായി പരിശ്രമിച്ചിരുന്നു. താരത്തിന്റെ അവിശ്വസനീയമായ അഭിനയ കഴിവുകൾ കാരണം നിരവധി നല്ല കഥാപാത്രങ്ങൾ അമാനിക്ക് ലഭിക്കുകയും ചെയ്തു. കരിയറിന്റെ തുടക്കത്തിലാണ് കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ അമാനിക്കുണ്ടായത്.
മറ്റ് പല അഭിനേതാക്കളെയും പോലെ അമാനിക്കും അഭിനയത്തിലേക്ക് കടക്കുന്നതിന് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടിവന്നു. ഓഡിഷനുകൾക്കായി സ്ഥാപനങ്ങളിൽ നിരന്തരം അമാനി പോകാറുണ്ടായിരുന്നു. ചില കമ്പനികൾ അമാനിയെ തിരഞ്ഞെടുത്തു. ചില അസോസിയേഷനുകൾ നടിയെ നിരസിച്ചു.
ചിലർ ഓഡീഷനുകൾക്ക് ശേഷം അമാനിയോട് കാത്തിരിക്കാനും പിന്നീട് വിളിക്കാമെന്നും നിർദേശിച്ച് പറഞ്ഞയച്ചു. അവർ എന്താണ് ചെയ്യുന്നതെന്ന് അന്ന് തനിക്കറിയില്ലായിരുന്നുവെന്നും അവരുടെ ഉദ്ദേശങ്ങൾ പിന്നീടാണ് താൻ മനസിലാക്കിയതെന്നും അമാനി പറയുന്നു. ‘ഒരിക്കൽ ഒരു പ്രൊഡക്ഷൻ യൂണിറ്റ് എന്നെ വിളിച്ച് സംവിധായകൻ എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.’
‘കാരണം ചോദിച്ചപ്പോൾ അവർ ഒരു മേക്കപ്പ് ടെസ്റ്റ് ഉണ്ടെന്നാണ് പറഞ്ഞത്. അമ്മയെ കൂട്ടിക്കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ അവർ എന്നോട് ഒറ്റയ്ക്ക് വന്ന് സംവിധായകനെ കാണാൻ ആവശ്യപ്പെട്ടു. അതിനായി അവർ എന്നെ നിർബന്ധിക്കുകയും ചെയ്തു.’
‘എന്നാൽ അമ്മയ്ക്കൊപ്പം മാത്രമെ വരാൻ സാധിക്കൂവെന്ന തീരുമാനത്തിൽ ഞാൻ ഉറച്ച് നിന്നു. എന്റെ കർക്കശമായ മനോഭാവത്തിന്റെ ഫലമായി അത് അടക്കം നിരവധി അവസരങ്ങൾ എനിക്ക് നഷ്ടപ്പെട്ടു. അമ്മയും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞപ്പോൾ സംവിധായകർ ഉടൻ തന്നെ എന്നെ ആ സിനിമയിൽ വേണ്ടെന്ന് വെച്ചു.’
‘ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് അവസരം നഷ്ടപ്പെട്ടു കൊണ്ടിരുന്നു. അതിനാൽ സിനിമയിൽ അരങ്ങേറാൻ രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു’ അമാനി പറഞ്ഞു.