പാരീസ്: പിഎസ്ജിക്ക് മുന്നിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ മൂന്ന് ആവശ്യങ്ങൾ മുന്നോട്ട് വച്ചതായി റിപ്പോർട്ട്. മൂന്ന് വർഷത്തെ കരാർ ബാക്കിയുണ്ടെങ്കിലും ക്ലബ്ബിൽ തുടരണമെന്നുണ്ടെങ്കിൽ തന്റെ ആവശ്യങ്ങൾ അംഗീകരണമെന്നാണ് എംബാപ്പെയുടെ നിലപാടെന്നാണ് റിപ്പോർട്ടുകൾ.
സീസൺ തുടങ്ങുന്നതിന് മുമ്പ് റയൽ മാഡ്രിഡിന്റെ നീക്കങ്ങളെ വമ്പൻ ഓഫറുകൾ കൊണ്ട് തടുത്താണ് പിഎസ്ജി എംബാപ്പെയെ നിലനിർത്തിയത്. പക്ഷേ, വീണ്ടും എംബാപ്പെ കടുത്ത ആവശ്യങ്ങൾ മുന്നോട്ട് വച്ചിരിക്കുകയാണെന്നാണ് സ്പോർട്സ് ബ്രീഫ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രഞ്ച് താരത്തിന്റെ ഒന്നാമത്തെ ആവശ്യം ബ്രസീൽ സൂപ്പർ താരം നെയ്മറെ പിഎസ്ജി വിൽക്കണമെന്നുള്ളതാണ്. നിലവിലെ പരിശീലകൻ ക്രിസ്റ്റഫെ ഗാട്ട്ലിയറിന് പകരം ഫ്രഞ്ച് ഇതിഹാസം സിനദീൻ സിദാനെ കൊണ്ട് വരണമെന്നാണ് എംബാപ്പെയുടെ ആഗ്രഹം. റയൽ മാഡ്രിഡിനെ തുടർച്ചയായി മൂന്ന് വട്ടം ചാമ്പ്യൻസ് ലീഗിൽ കിരീടത്തിലേക്ക് നയിച്ച സിദാന് ആ മാജിക്ക് പിഎസ്ജിയിലും കാഴ്ചവയ്ക്കാനാകുമെന്ന് എംബാപ്പെ കരുതുന്നു. മൂന്നാമത്തെ ആവശ്യം ടോട്ടനത്തിന്റെ എല്ലാമെല്ലാമായ ഹാരി കെയ്നെ ടീമിലെത്തിക്കണം എന്നുള്ളതാണ്.
ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതോടെ ഇതിൽ ഏതെങ്കിലും കാര്യങ്ങൾ സംഭവിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ആരാധകർ. അതേസമയം, അർജന്റൈൻ നായകൻ ലിയോണൽ മെസി ജനുവരി മൂന്നിന് തന്റെ ക്ലബ്ബായ പിഎസ്ജിക്കൊപ്പം ചേരുമെന്നുള്ള റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പുതുവർഷവും അർജന്റീനയിൽ തന്നെ ആഘോഷിച്ച ശേഷമാകും മെസി തിരികെ പാരീസിലെത്തുക. ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീനയിൽ തന്റെ രാജ്യത്തിന്റെ ആഘോഷത്തിനൊപ്പം ചേരാനായി മെസി പറന്നിരുന്നു.
എന്തായാലും താരത്തിന് അതിവേഗം പാരീസിലേക്ക് മടങ്ങിയെത്താൻ ആഗ്രഹമില്ലെന്നാണ് റിപ്പോർട്ടുകൾ. ജനുവരി മൂന്നിന് പാരീസിൽ എത്തിയാൽ 11നുള്ള മത്സരത്തിലാകും മെസി പിഎസ്ജിക്കായി കളത്തിലിറങ്ങുക. ലോകകപ്പ് ഫൈനലിൽ കളിച്ചെങ്കിലും ഇതിനകം ഫ്രാൻസ് താരം കിലിയൻ എംബാപ്പെ പിഎസ്ജിക്കൊപ്പം ചേർന്നു കഴിഞ്ഞു.
ഫ്രഞ്ച് ക്ലബ് പാരിസ് ജര്‍മ്മനുമായുള്ള കരാര്‍ പുതുക്കാൻ അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി വാക്കാൽ ധാരണയായതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ക്ലബ് ഭാരവാഹികളും മെസിയും തമ്മില്‍ കരാര്‍ സംബന്ധിച്ചുള്ള ഔദ്യോഗിക ചർച്ചകള്‍ ഉടൻ നടക്കും.