Entertainment

‘ഞങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസമോ ആളുകള്‍ പറയുന്നത് മനസിലാക്കാനുള്ള പക്വതയോ ഒന്നും അന്ന് ഉണ്ടായിരുന്നില്ല’; സീനത്ത് പറയുന്നു

നാടക വേദിയില്‍ നിന്ന് സിനിമയിലേക്കും സീരിയലിലേക്കും എത്തിയ നടിയാണ് സീനത്ത്. ഒരു സിനിമാകഥ പോലെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു സീനത്തിന്റെ വ്യക്തിജീവിതം. പതിനെട്ടാം വയസ്സിലേക്ക് കടക്കുന്ന സമയത്ത് 54 കാരനായ നാടകാചാര്യന്‍ കെ ടി മുഹമ്മദിനെ വിവാഹം കഴിച്ചു. കെ.ടിയുടെ ‘സൃഷ്ടി’ എന്ന നാടകത്തിലാണ് സീനത്ത് ആദ്യമായി അഭിനയിച്ചത്. കോഴിക്കോട് കലിംഗ തിയറ്ററില്‍വെച്ചാണ് കെ ടി മുഹമ്മദിനെ താന്‍ ആദ്യമായി പരിചയപ്പെട്ടതെന്ന് സീനത്ത് പറയുന്നു.

സീനത്തിന്റെ വാക്കുകള്‍

പതിനെട്ടാമത്തെ വയസില്‍ വിവാഹിതയാകുന്നു. അതും 54 വയസുള്ള കെ ടി മുഹമ്മദെന്ന നാടകാചാര്യനെയാണ് വിവാഹം കഴിക്കേണ്ടി വന്നത്. എല്ലാമൊരു നാടകീയതയുടെ ഭാഗമായാണ്. കെ.ടിക്ക് അന്ന് ചെറുതായി ആസ്തമയുടെ ശല്യമുണ്ട്. മരുന്നൊക്കെ എടുത്തു തരാന്‍ പലപ്പോഴും എന്നോടാണ് പറയുന്നത്. പിന്നീടാണ് കെ ടിയെ ഞാന്‍ ശരിക്കും ഒന്ന് ശ്രദ്ധിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ രീതികളോട് എപ്പോഴോ ഞാനറിയാതെ ചെറിയ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു.

പെട്ടെന്നൊരു ദിവസം അദ്ദേഹം എന്റെ ഇളയമ്മയോട് ചോദിച്ചു സീനത്തിനെ വിവാഹം കഴിപ്പിച്ചു തരാമോ എന്ന്. ശരിക്കും ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായമായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രധാന കാരണം. ഇതിനിടെ ഞാന്‍ കെ ടിയെ വിവാഹം കഴിക്കാന്‍ പോകുന്നതായി നാടക സമിതിയില്‍ ജോലി ചെയ്യുന്ന ചിലര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ച സമയായിരുന്നു അത്. തുടര്‍ന്ന് ഞാന്‍ കെ ടിയോട് ഒട്ടും സംസാരിക്കാതെയായി. ഇതിനിടയില്‍ ഞാനും ഇളയമ്മയുമുള്‍പ്പടെയുള്ളവരെ നാടക സമിതിയില്‍ നിന്ന് അവര്‍ പിരിച്ചു വിട്ടു. കെ ടിക്ക് എന്നോടുള്ള അടുപ്പമാണ് കാരണമായി അതിന് പറഞ്ഞത്.

ആ സമയത്താണ് അദ്ദേഹത്തിന് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ചെയര്‍മാനായി നിയമനം ലഭിച്ചു. ആ വാശിയില്‍ ഞാന്‍ പറഞ്ഞു എനിക്ക് കെ ടിയെ വിവാഹം ചെയ്യാന്‍ സമ്മതമാണന്ന്. അന്ന് ഞാന്‍ എടുത്തത് ഒരിക്കലും മാറാത്ത ഉറച്ച തീരുമാനമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസമോ ആളുകള്‍ പറയുന്നത് മനസിലാക്കാനുള്ള അറിവോ പക്വതയോ ഒന്നും എനിക്ക് അന്ന് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള ദാമ്ബത്യത്തിന്റെ ആയുസ് 16 വര്‍ഷമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button