തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ രഹസ്യമായി ഗ്രൂപ്പ് യോഗം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനക്കായി ആളെ അയച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ . കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സുധാകരന്‍ അയച്ച കെപിസിസി സംഘം കന്റോണ്‍മെന്റ് ഹൗസില്‍ അപ്രതീക്ഷിതമായി എത്തിയത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അസാധാരണ സംഭവമാണിത്. ഈ സമയം വി ഡി സതീശന്റെ നേതൃത്വത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
കന്റോണ്‍മെന്റ് ഹൗസില്‍ നടന്നത് ഗ്രൂപ്പ് യോഗമല്ലെന്നും ‘വെറുതെ ഒന്ന് ഇരുന്നതാണെ’ന്നുമാണു അവിടെ എത്തിയ നേതാക്കളുടെ വിശദീകരണം. അതേസമയം നടന്നത് ഗ്രൂപ്പ് യോഗമാണെന്ന നിഗമനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കെപിസിസി. ഹൈക്കമാന്‍ഡിനു പരാതി നല്‍കാനും ധാരണായിട്ടുണ്ട്. എന്നാല്‍ പുറത്തുവന്ന വാര്‍ത്തകളെ വി ഡി സതീശന്‍ തള്ളി. തനിക്ക് എതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ കുല്‍സിത പ്രവര്‍ത്തനം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ചിലര്‍ പിന്നില്‍ നിന്ന് വലിക്കുകയാണ്. ടി യു രാധാകൃഷ്ണന്‍ ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വന്നതാണ്. ഒരു പണിയുമില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. തനിക്ക് വേറെ ഒരുപാട് പണിയുണ്ട്. നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷ പ്രവര്‍ത്തനത്തിന് ഒരു തെറ്റും പറയാനില്ല. ടീം വര്‍ക്കാണ് നടക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.
സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു പരിശോധനക്കായി എത്തിയത്. ചേര്‍ന്നതു ഗ്രൂപ്പ് യോഗമല്ലെന്നും പ്രതിപക്ഷ നേതാവിന്റെ സൗകര്യമനുസരിച്ച് അദ്ദേഹത്തെ കാണാന്‍ എത്തിയതായിരുന്നുവെന്നും അവിടെ കൂടിയ നേതാക്കള്‍ പറയുന്നു.
പ്രതിപക്ഷ നേതാവിനെ പ്രധാന നേതാക്കള്‍ കാണുന്നതിനെ ഗ്രൂപ് യോഗമായി ചിത്രീകരിക്കേണ്ടെന്നും ഇവര്‍ പറയുന്നു. പുനസംഘടന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗ്രൂപ് യോഗങ്ങള്‍ ചേരുന്നതില്‍ കെപിസിസി നേതൃത്വത്തിന് അതൃപ്തിയുണ്ട്. കോഴിക്കോട്ടും കോട്ടയത്തും എ ഗ്രൂപ്പിന്റെ യോഗങ്ങള്‍ ചേര്‍ന്നിരുന്നു.നിരന്തരമായി നടക്കുന്ന ഗ്രൂപ്പ് യോഗങ്ങളെക്കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിക്കാനും കെപിസിസി തീരുമാനിച്ചു.