FeaturedKeralaNews

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

തിരുവനന്തപുരം: ചരിത്ര വിജയത്തിന് ശേഷം തുടര്‍ഭരണത്തിലേക്ക് കടക്കുന്ന രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങിയ മന്ത്രിസഭാ വൈകുന്നേരം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്യുക. ഗവര്‍ണര്‍ ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ആദ്യ മന്ത്രിസഭാ യോഗം സെക്രട്ടറിയേറ്റില്‍ നടക്കും.

രാവിലെ 9 മണിക്ക് ആലപ്പുഴ പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയും സിപിഎം സിപിഐ നിയുക്ത മന്ത്രിമാരും പുഷ്പചക്രം സമര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തും.

സ്ഥാനമൊഴിയുന്ന മന്ത്രിമാരും എല്‍ഡിഎഫ് എംഎല്‍എമാരും അടക്കം 400ല്‍ താഴെ ആളുകളാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ നടത്തുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ യുഡിഎഫ് എംഎല്‍എമാര്‍ നേരിട്ട് പങ്കെടുക്കില്ലെന്നും വെര്‍ച്വലായി ചടങ്ങിന്റെ ഭാഗമാകുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞ ചടങ്ങിനായി ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമുണ്ടെങ്കിലും കൊവിഡ് സാഹചര്യത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട് ബംഗാള്‍ സര്‍ക്കാരുകളുടെ പ്രതിനിധികള്‍ ചടങ്ങിന് എത്തിയേക്കും. സത്യപ്രതിജ്ഞ ചടങ്ങിന് ഒരു മാധ്യമ സ്ഥാപനത്തില്‍ നിന്നു ഒരു റിപ്പോര്‍ട്ടര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. സത്യപ്രതിജ്ഞ ചടങ്ങിന്റെ വീഡിയോ ഔട്ട്, ഫോട്ടോ എന്നിവ പിആര്‍ഡി മാധ്യമങ്ങള്‍ക്ക് നല്‍കും.

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. വേദിയില്‍ ഒന്നര മീറ്റര്‍ അകലത്തിലും സദസില് രണ്ടു മീറ്റര്‍ അകാലത്തിലുമാണ് ഇരിപ്പിടങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker