സ്‌കൂള്‍ ബസിന് മുകളിലേക്ക് തണല്‍ മരം വീണു; ഡ്രൈവര്‍ക്ക് പരിക്ക്, കുട്ടികള്‍ അത്ഭുതകരമായി രക്ഷപെട്ടു
മട്ടാഞ്ചേരി: ഫോര്‍ട്ടു കൊച്ചിയില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിനു മുകളിലേക്ക് തണല്‍ മരം ഒടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകട സമയത്ത് ബസില്‍ ഡൈവറെക്കൂടാതെ ആറ് കുട്ടികളും ആയയുമാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവര്‍ ബസിന്റെ പിന്‍ഭാഗത്തായിരുന്നു ഇരുന്നത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
പുലര്‍ച്ചെ 6.30 ഓടെ ഫോര്‍ട്ടുകൊച്ചി ചിരട്ടപ്പാലം കാര്‍ത്തികേയ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ബസ് ഡ്രൈവര്‍ പള്ളുരുത്തി സ്വദേശി നസീറിന്റെ (53) ഇരു കൈകള്‍ക്കും പരിക്കേറ്റു. ഇയാളെ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളുരുത്തി ഡോണ്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ സീറ്റിന്റെ എതിര്‍വശത്താണ് വാകമരം ഒടിഞ്ഞുവീണത്. സാധാരണ ആയമാരാണ് ഇവിടെ ഇരിക്കാറ്. സ്‌കൂളിലേക്ക് കുട്ടികളെ എടുക്കാന്‍ തുടങ്ങിയ സമയമായതിനാല്‍ ആയയും കുട്ടികളും പിറകിലാണ് ഇരുന്നത്. അപകടം പറ്റിയപ്പോള്‍ കുട്ടികള്‍ തെറിച്ചു വീഴാതിരിക്കാന്‍ അവരെ പിടിക്കുന്നതിനിടെ ആയ ജുന ഹൈനസിന് ചെറിയ പരിക്കേറ്റു.