പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി വിദ്യാര്‍ഥി ജീവനൊടുക്കി; തനിക്കായി ഒരു സംഗീത ആല്‍ബം ഇറക്കണമെന്ന് ആവശ്യം
ഭോപ്പാല്‍: ഒരു മ്യൂസിക് വീഡിയോ തനിക്കായി നിര്‍മിക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് കതെഴുതിയ ശേഷം സ്‌കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയായ 16കാരനാണ് ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കിയത്. അജിത് വന്‍ഷ്‌കര്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. തനിക്ക് വേണ്ടി ഒരു മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്നും ഗായകന്‍ അരിജിത് സിംഗ് തന്നെ ഗാനം ആലപിക്കണമെന്നുമാണ് ആവശ്യം.
പ്രധാനമന്ത്രിയ്ക്കും മധ്യപ്രദേശ് സര്‍ക്കാറിനും കത്തെഴുതിയാണ് ആത്മഹത്യ. മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി അരിജിത്ത് സിംഗ് ആലപിക്കുകയും സുശാന്ത് ഖത്രി കൊറിയോഗ്രാഫ് ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ എന്റെ ആത്മാവിന് ശാന്തി കിട്ടൂ. എന്റെ ആഗ്രഹം പ്രധാനമന്ത്രിയെ അറിയിക്കണം. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കത്തില്‍ പറയുന്നു.
വലിയ നര്‍ത്തകനായി പേരെടുക്കണമെന്നതായിരുന്നു ഇയാളുടെ ആഗ്രഹം. എന്നാല്‍ അത് സാധിക്കാതെ വന്നതിന്റെ നിരാശയിലാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. തന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ മാതാപിതാക്കള്‍ പിന്തുണ നല്‍കുന്നില്ലെന്നും കുട്ടി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പണമുള്ളവര്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്ന ധാരണയാണ് മാതാപിതാക്കള്‍ക്കെന്നും കത്തില്‍ പറയുന്നു.