ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് പണം വീട്ടിലെത്തിക്കാനൊരുങ്ങി എസ്.ബി.ഐ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കില്‍ എത്താന്‍ സാധിക്കാത്ത ഉപഭോക്താക്കള്‍ക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുക. ഉപഭോക്താവ് വാട്സാപ്പ് വഴിയോ, ഫോണ്‍ വഴിയോ സന്ദേശം നല്‍കിയാല്‍ മൊബൈല്‍ എടിഎം സേവനം വീട്ടിലെത്തും. പദ്ധതിയുടെ ആദ്യഘട്ടം ഉത്തര്‍പ്രദേശിലെ ലക്നൗ സര്‍ക്കിളില്‍ ആരംഭിച്ചു.
സ്വാതന്ത്ര്യദിനത്തിലാണ് എസ്ബിഐ പുതിയ സേവനം ആരംഭിച്ചത്. വീട്ടില്‍ തന്നെ എടിഎം സേവനം ലഭ്യമാക്കുന്ന മൊബൈല്‍ എടിഎം സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ഈ സേവനത്തിന്റെ തുടക്കം ലക്നൗവില്‍ നടപ്പാക്കിയതായി ചീഫ് ജനറല്‍ മാനേജര്‍ അജയ് കുമാര്‍ ഖന്ന ട്വിറ്ററിലൂടെ അറിയിച്ചു. ഫോണില്‍ വഴി അറിയിക്കുകയോ വാട്സ്ആപ്പിലൂടെ സന്ദേശം കൈമാറുകയോ ചെയ്താല്‍ ഉടന്‍തന്നെ സേവനം ലഭിക്കുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചതെന്ന് ഖന്ന പറഞ്ഞു.
മുതിര്‍ന്ന അംഗങ്ങള്‍ക്കും അംഗപരിമിതര്‍ക്കുമാണ് ആദ്യഘട്ടമെന്ന നിലയില്‍ സേവനം ലഭിക്കുക. ബാങ്ക് തെരഞ്ഞെടുക്കുന്ന ശാഖകളിലെ ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ക്യാഷ് ഡെലിവറി, ചെക്ക് സേവനം തുടങ്ങി നിരവധി സര്‍വീസുകളും ഇത്തരത്തില്‍ മൊബൈല്‍ എടിഎം സേവനത്തിന്റെ ഭാഗമായി ലഭ്യമാകുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ബാങ്കില്‍ എത്താന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ സേവനമെന്ന് ബാങ്ക് അറിയിച്ചു. പദ്ധതിയുടെ ആദ്യം ഘട്ടം ലക്നൌ സര്‍ക്കിളിലാണ് ആരംഭിച്ചതെങ്കിലും വൈകാതെ രാജ്യത്തെ മറ്റുഭാഗങ്ങളിലും ഇത് നടപ്പാക്കുമെന്ന് എസ്ബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.