നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്ന് അച്ഛൻ പറയുമായിരുന്നു; ആർത്തവ സമയത്ത് പാഡ് വെക്കേണ്ട രീതി വരെ അച്ഛനാണ് പഠിപ്പിച്ചത്; സൗഭാഗ്യ പങ്കുവച്ച വാക്കുകൾ
കൊച്ചി:ടിക് ടോക്കുകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ്. താര കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ താരപുത്രി അമ്മ താര കല്യാണിനും ഭർത്താവ് അർജുനുമൊപ്പം നൃത്തവേദിയിലെ സജീവസാന്നിധ്യമാണ്.
വിവാഹിതയായ ശേഷം ഭർത്താവ് അർജുനൊപ്പം യുട്യൂബ് ചാനലും ആരംഭിച്ചു.താര കല്യാൺ വർഷങ്ങളായി സിനിമയിൽ സജീവമായിട്ടുള്ള വ്യക്തിയാണ്. താരയുടെ ഡാൻസ് അക്കാദമി ഇപ്പോൾ നോക്കി നടത്തുന്നത് സൗഭാഗ്യയും അർജുനും ചേർന്നാണ്.
എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള സൗഭാഗ്യ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണിപ്പോൾ. തനിക്ക് ആദ്യമായി ആർത്തവമുണ്ടായപ്പോഴുള്ള അനുഭവമാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. ആദ്യം പീരിഡ്സാപ്പോൾ അച്ഛനോടാണ് പറഞ്ഞതെന്നും എല്ലാ കാര്യങ്ങളിലും അന്ന് നിർദേശങ്ങൾ നൽകിയത് അച്ഛനായിരുന്നുവെന്നും സൗഭാഗ്യ വെങ്കിടേഷ് പറയുന്നു.
‘ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഋതുമതിയായത്. അന്ന് എനിക്ക് പന്ത്രണ്ട് വയസായിരുന്നു. അമ്മ വീട്ടിലുണ്ടായിരുന്നില്ല. ഷൂട്ടിന് പോയിരിക്കുകയായിരുന്നു. പീരിഡ്സ് ആയെന്ന് മനസിലായപ്പോൾ അച്ഛനോട് കാര്യം പറഞ്ഞു. അന്ന് അത് അച്ഛനോട് പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു.’
‘വീട്ടിൽ ഞങ്ങളെല്ലാവരും ഓപ്പണായി സംസാരിക്കുന്നവരാണ്. അതിനാൽ തന്നെ അച്ഛനോട് പറയുന്നതിൽ ചമ്മൽ തോന്നിയില്ല. കാര്യം പറഞ്ഞപ്പോൾ അച്ഛനാണ് അമ്മയുടെ ബ്യൂറോ തുറന്ന് പാഡ് എടുത്ത് തന്നതും എങ്ങനെയാണ് അത് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞ് തന്നതും.’
‘അച്ഛൻ പറഞ്ഞ് തന്നത് കൂടാതെ ചില ക്ലാസുകളും ആ സമയത്ത് ലഭിച്ചിരുന്നു. ശേഷം എന്റെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് ചടങ്ങും നടത്തിയിരുന്നു അച്ഛനും അമ്മയും.’
‘എനിക്ക് അത്തരം ഓർമകൾ ഉള്ളതിനാലാണ് ബന്ധുക്കളുടെ വീട്ടിലെ പെൺകുട്ടികളും ഋതുമതിയാകുമ്പോൾ ചടങ്ങ് നടത്തുന്നത്. വേദനയുണ്ടാകുമെന്നും, വെള്ളം കുടിക്കണമെന്നും, വിശ്രമിക്കണമെന്നുമെല്ലാം പറഞ്ഞ് തന്നിരുന്നതും അച്ഛനായിരുന്നു’ സൗഭാഗ്യ പറയുന്നു.
രാജാറാം 2017 ജൂലൈ 30നാണ് മരിച്ചത്. വൈറൽപ്പനി ബാധിക്കുകയും പിന്നീട് നെഞ്ചിൽ ഇൻഫെക്ഷനാകുകയും ചെയ്ത രാജാറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു.
ഏതാണ്ട് ഒമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം. പ്രാദേശിക ചാനലുകളിൽ അവതാരകനുമായിരുന്നു. മലയാള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.
പിന്നീട് കൊറിയോ ഗ്രാഫർ, ചാനൽ അവതാരകൻ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി. നൃത്ത അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതൽ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളിൽ എത്തിയിരുന്നു.
അടുത്തിടെ ഒരു ചാനൽ പരിപാടിക്കെത്തിയപ്പോൾ അച്ഛന്റെ ഓർമകൾ സൗഭാഗ്യ പങ്കുവെച്ചിരുന്നു. താൻ അമ്പത് വയസുവരെ മാത്രമെ ജീവിച്ചിരിക്കൂവെന്നും അത് കഴിഞ്ഞാൽ ഫോട്ടോയായിട്ട് കാണാമെന്ന് അച്ഛൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്നുമാണ് സൗഭാഗ്യ പറഞ്ഞത്.
‘എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്?. പറഞ്ഞ് പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അത് പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്ന് അച്ഛൻ പറയുമായിരുന്നു.’
‘അച്ഛന്റെ വാക്കുകൾ മനസിലുണ്ടായിരുന്നത് കൊണ്ട് ഒരു പെൺകുഞ്ഞ് വേണമെന്ന് ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചു. അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു. അദ്ദേഹം ഏറ്റവും മികച്ച് നിന്ന കഥാപാത്രം അതായിരുന്നു.’
‘ഈ ലോകത്തെ ഏറ്റവും നല്ല അച്ഛൻ എന്ന് വേണമെങ്കിൽ പറയാം. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് അതുപോലെ ഒരാളാണ് അർജുൻ’ എന്നാണ് സൗഭാഗ്യ പറഞ്ഞത്. സൗഭാഗ്യയുടെ വാക്കുകൾ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട് . ഇതുപോലെ ഒരു അച്ഛനെ കിട്ടാൻ ആരും കൊതിക്കും എന്നാണ് എല്ലാവര്ക്കും പറയാനുള്ളത്.