തിരുവനന്തപുരം: നേരിട്ടു ഹാജരാകാന്‍ മടിച്ച ശശിധരന്‍ കര്‍ത്തായെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തില്‍ സിപിഎം. സിഎംആര്‍എലിന്റെ ഉത്തരവാദിത്തപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്തു കഴിഞ്ഞതിനാല്‍ ഇനി എക്‌സാലോജിക് സൊലൂഷന്‍സിലേക്കാകാം ഇ.ഡി നീങ്ങുക. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമേയുള്ളൂ. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിന് ഇ.ഡി തിരഞ്ഞെടുക്കുന്ന സമയവും രീതിയും സംബന്ധിച്ചാണു സിപിഎമ്മിന്റെ ഉദ്വേഗം.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണം എട്ടുമാസത്തെ സമയപരിധി നിശ്ചയിച്ചാണ്. സിഎംആര്‍എല്‍, കെഎസ്‌ഐഡിസി, എക്‌സാലോജിക് എന്നിവര്‍ക്കും ഇവരുമായി ഇടപാടുള്ള കമ്പനികള്‍ക്കും നോട്ടിസ് നല്‍കിയുള്ള ‘ചട്ടപ്പടി’ അന്വേഷണമാണ് അവരുടേത്.
ഒരിക്കല്‍ കെഎസ്‌ഐഡിസിയില്‍ എത്തി ചില രേഖകള്‍ ശേഖരിച്ചു പോയതല്ലാതെ, കടുത്ത നടപടികളിലേക്കു കടന്നിട്ടില്ല. കേരളത്തിലെയും ബെംഗളൂരുവിലെയും കോടതികളില്‍ കെഎസ്‌ഐഡിസിയും എക്‌സാലോജിക്കും നല്‍കിയ കേസുകളും അന്വേഷണ നടപടികള്‍ നീളാന്‍ കാരണമായി.
എന്നാല്‍ എസ്എഫ്‌ഐഒയുടെ രീതിയല്ല ഇ.ഡി പിന്തുടരുന്നത്. കേസെടുത്തു മൂന്നാഴ്ചയ്ക്കകം സിഎംആര്‍എലിലെ പ്രധാനപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്തു. നോട്ടിസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന കര്‍ത്തായ്ക്കു രണ്ടാമതു നോട്ടിസ് നല്‍കിയതിനു പിന്നാലെ വീട്ടിലെത്തി ചോദ്യം ചെയ്തത് ഏതു നടപടിയിലേക്കും ഇ.ഡി നീങ്ങുമെന്നതിന്റെ സൂചനയാണ്. ഇതു മുന്‍കൂട്ടി കണ്ടാണു കഴിഞ്ഞദിവസം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി നല്‍കാന്‍ സിഎംആര്‍എല്‍ മുതിര്‍ന്നത്.
കര്‍ത്തായുടെ വീട്ടിലേക്കെത്തിയ ഇ.ഡിയുടെ തിടുക്കമാണു സിപിഎം സംശയിക്കുന്നത്. സിഎംആര്‍എലും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ എന്നതാണ് ഇ.ഡിയുടെ പ്രധാന അന്വേഷണ വിഷയമെന്നതിനാല്‍ എക്‌സാലോജിക്കിലേക്ക് അന്വേഷണമെത്താനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ ചോദ്യംചെയ്യലിനെ നിയമപരമായി തടയുക പ്രയാസമാവും. കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയലക്ഷ്യം തുറന്നുകാട്ടുന്ന വിധമാകും പിന്നെ പാര്‍ട്ടിയുടെ നീക്കം.