തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പിണറായി വിജയനിലും അദ്ദേഹത്തിന്റെ സര്‍ക്കാരിലും ജനങ്ങള്‍ കാണിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും തരൂര്‍ ട്വിറ്റ് ചെയ്തു. കൊവിഡിനും വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടത്തില്‍ പിണറായി വിജയന് നമ്മുടെ പിന്തുണ ഉണ്ടായിരിക്കണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ജനവിധി മാനിക്കുന്നതായും വിജയിച്ചവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരു ജനവിധി ഉണ്ടാകാനുള്ള അസാധാരണമായ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരാജയത്തെ പരാജയമായി തന്നെ കോണ്‍ഗ്രസ് കാണുന്നു. കോണ്‍ഗ്രസിന്റെ ആത്മ വിശ്വാസം ഒരുകാലത്തും തകര്‍ന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോള്‍ തന്നെ വിശദമായി പഠിച്ച് കോണ്‍ഗ്രസ് വിലയിരുത്തി മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ പ്രവര്‍ത്തകരെയും ഞങ്ങളെ സഹായിച്ച മുഴുവന്‍ ജനങ്ങളെയും കെപിസിസി അഭിനന്ദിക്കുന്നു. വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളെ ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.