NationalNews

‘മലിനജലത്തിൽ കുളിക്കാൻ കോടിക്കണക്കിനാളുകളെ നിർബന്ധിക്കുന്നു’മഹാകുംഭമേളയില്‍ വിമര്‍ശനവുമായി ശങ്കരാചാര്യ

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയെ വിമർശിച്ച് രംഗത്തെത്തിയ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പിന്തുണയുമായി ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ 46-ാമത് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. സംഘാടകർ ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയില്ലെന്നും ജനക്കൂട്ട നിയന്ത്രണ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

300 കിലോമീറ്ററോളം ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇത് തെറ്റായ സംഘാടനം അല്ലാതെ മറ്റെന്താണ്? ആളുകൾക്ക് ലഗേജുമായി 25-30 കിലോമീറ്ററോളമാണ് നടക്കേണ്ടി വന്നത്. കുളിക്കുന്ന വെള്ളത്തിൽ മാലിന്യം കലർന്നിരുന്നു. എന്നിട്ടും നിങ്ങൾ കോടിക്കണക്കിനാളുകളെ അതിൽ കുളിക്കാൻ നിർബന്ധിക്കുന്നു- ജഗദ്ഗുരുവെന്ന് അറിയപ്പെടുന്ന സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി എഎൻഐയോട് പറഞ്ഞു. 12 വർഷങ്ങൾക്ക് ശേഷം മഹാ കുംഭമേള വരുമെന്ന് നിങ്ങൾക്ക് അന്നേ അറിയാമായിരുന്നു. എന്തുകൊണ്ടാണ് വേണ്ടുന്ന നടപടികളെടുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

ഇത്രയധികം ആളുകൾ വരുമെന്നും എന്നാൽ അവർക്കാവശ്യമായ സ്ഥല സൗകര്യങ്ങളില്ലെന്നും മുൻകൂട്ടിത്തന്നെ അറിയാമായിരുന്നുവെങ്കിൽ അതിനായുള്ള പദ്ധതി നേരത്തെ തന്നെ തയ്യാറാക്കാമായിരുന്നില്ലേ. നിങ്ങൾ യാതൊരു പദ്ധതിയും തയ്യാറാക്കിയില്ലെന്ന് മാത്രമല്ലെ തെറ്റായ പ്രചാരണം നടത്തുകയാണ് ചെയ്തത്. 144 വർഷത്തെ സംസാരം തന്നെ നുണയാണ്. ആൾക്കൂട്ട സംഘാടനവും ആതിഥ്യ മര്യാദയും പാലിച്ചില്ല. ആളുകൾ മരിച്ചപ്പോൾ അത് മറച്ചുവെക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറിയെന്നായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതയുടെ പരാമർശം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ചുകൊണ്ട് ബംഗാള്‍ നിയമസഭയിലാണ് മമത ഇക്കാര്യം പറഞ്ഞത്. ഇതിനെതിരേ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ജ്യോതിഷ് പീഠത്തിലെ 46-മത് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി മമതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker