സഞ്ജുവിന് കന്നി സെഞ്ചുറി,ഇന്ത്യ മാന്യമായ സ്‌കോറിലേക്ക്
പാള്‍ (ദക്ഷിണാഫ്രിക്ക): രാജ്യത്തിനായി ആദ്യ സെഞ്ചറി നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. 111 പന്തില്‍നിന്ന് 101 റണ്‍സെടുത്ത് ക്രീസില്‍ തുടരുന്നു. സഞ്ജുവിന്റെ സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പൊരുതുന്നു. നാലാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം 116 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയ തിലക് വര്‍മ അര്‍ധ സെഞ്ചുറി നേടി പുറത്തായി. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 235.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി സായ് സുദര്‍ശനൊപ്പം രജത് പാട്ടിദാറായിരുന്നു ഓപണിങ്ങില്‍ ഇറങ്ങിയത്. പാട്ടിദറുടെ ഏകദിന അരങ്ങേറ്റ മത്സരമായിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന് പരിക്കേറ്റതോടെ ടീമിലുള്‍പ്പെടുകയായിരുന്നു. ഇന്ത്യന്‍ സ്‌കോറിന് വേഗം കൂട്ടുന്ന നീക്കങ്ങള്‍ പാട്ടിദറില്‍നിന്നുണ്ടായെങ്കിലും ക്രീസില്‍ ആയുസ്സുണ്ടായില്ല. ബര്‍ഗറിന്റെ പന്തില്‍ കുറ്റിതെറിച്ചു. 16 പന്തില്‍നിന്ന് 22 റണ്‍സെടുത്താണ് താരം മടങ്ങിയത്. എന്നിരുന്നാലും ശ്രദ്ധിക്കപ്പെടുന്ന ചില ഷോട്ടുകള്‍ നടത്തി.
തുടര്‍ന്നെത്തിയ സഞ്ജു കരുതലോടെയാണ് തുടങ്ങിയത്. സ്‌കോര്‍ 49-ല്‍ നില്‍ക്കേ കഴിഞ്ഞ രണ്ട് കളികളിലെയും താരം സായ് സുദര്‍ശന്‍ മടങ്ങി-16 പന്തില്‍ 10 റണ്‍സ്. പിന്നീടെത്തിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 35 പന്ത് നേരിട്ട് 21 റണ്‍സെടുത്ത് ഹെന്റിച്ച് ക്ലാസന് ക്യാച്ച് നല്‍കി മടങ്ങി. വിയാന്‍ മുള്‍ഡറാണ് ബൗള്‍ ചെയ്തത്.
വിജയപ്രതീക്ഷയിലാണ് ഇരുടീമുകളും. ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ജയം എട്ടു വിക്കറ്റിനായിരുന്നു. രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ജയം ദക്ഷിണാഫ്രിക്കയും സ്വന്തമാക്കി. ഇരു ജയങ്ങളും ആധികാരികമായിരുന്നു. ഇതോടെ പരമ്പര 1-1 എന്ന് സമനിലയിലായി.