മുല്ലന്‍പൂര്‍: ഐപിഎല്ലില്‍ ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയശേഷം എങ്ങനെ തോറ്റുവെന്ന അവതാരകന്‍റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി ഞെട്ടിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഇത്തവണ കൊടുത്തത് സ്വന്തം ടീമിലെ ബൗളര്‍മാര്‍ക്ക്. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ധോണിയെ ഓര്‍മിപ്പിക്കുന്ന കീപ്പിംഗ് ബ്രില്യന്‍സിലൂടെ ലിയാം ലിവിംഗ്‌സ്റ്റണെ റണ്ണൗട്ടാക്കിയെങ്കിലും രണ്ട് ക്യാച്ചുകളില്‍ സഞ്ജുവും ഫീല്‍ഡര്‍മാരും തമ്മിൽ ആരെടുക്കണമെന്ന ആശയക്കുഴപ്പമുണ്ടായി.
ഇതില്‍ പഞ്ചാബ് ഓപ്പണര്‍ അഥര്‍വ ടൈഡെ നല്‍കിയ ആദ്യത്തെ ക്യാച്ച് സഞ്ജുവിനെ മറികടന്ന് കുല്‍ദീപ് സെന്‍ എടുത്തപ്പോള്‍ രണ്ടാമത്തെ ക്യാച്ച് ഓടിയെത്തിയ സഞ്ജുവിനെ മറികടന്ന് കൈക്കലാക്കാന്‍ ശ്രമിച്ച ആവേശ് ഖാനും സഞ്ജുവും ചേര്‍ന്ന് നിലത്തിട്ടു. മത്സരത്തില്‍ ഇത് നിര്‍ണായകാകുകയും ചെയ്തു. പത്തൊമ്പതാം ഓവറില്‍ ക്യാച്ച് കൈവിടുമ്പോള്‍ അശുതോഷ് രെ ഫോറും നേടിയ അശുതോഷ് 16 പന്തില്‍ 31 റണ്‍സടിച്ച് അവസാന പന്തിലാണ് പുറത്തായത്. ഇതാണ് 130ല്‍ ഒതുങ്ങുമായിരുന്ന പഞ്ചാബ് സ്കോറിനെ 148ല്‍ എത്തിച്ചത്.
ഒരു പന്ത് ബാക്കി നിര്‍ത്തി കഷ്പ്പെട്ടാണ് രാജസ്ഥാന്‍ ജയത്തിലെത്തിയത് എന്നത് കണക്കിലെടുക്കുമ്പോള്‍ അശുതോഷിന്‍റെ ഈ ഇന്നിംഗ്സ് നിര്‍ണായകമായിരുന്നു. എന്നാല്‍ മത്സരശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സഞ്ജു പറഞ്ഞത് ക്യാച്ചുകളെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരുപാട് അബദ്ധം സംഭവിച്ചു എന്നായിരുന്നു.
പക്ഷെ എനിക്ക് ഒരുകാര്യത്തില്‍ സന്തോഷമുണ്ട്, എല്ലാവരും ക്യാച്ചെുക്കാന്‍ ആഗ്രഹിക്കുന്നുണ്ടല്ലോ. കാരണം, ഫീല്‍ഡര്‍മാര്‍ ക്യാച്ചെടുക്കാതെ മാറി നിന്നിരുന്നെങ്കില്‍ എനിക്ക് അത് വിഷമമാകുമായിരുന്നു. സ്റ്റേഡിയത്തിലെ ആരവത്തിനിടക്ക് ആര് ക്യാച്ചെടുക്കുമെന്ന് പറയുന്നത് കേള്‍ക്കുന്നത് കുറച്ച് ബുദ്ധിമുട്ടാണ്.
നമ്മള്‍ പന്ത് മാത്രം ലക്ഷ്യമാക്കിയാകും ഓടുക, ആ സമയം മറ്റാരെയും ശ്രദ്ധിക്കാന്‍ പറ്റില്ലല്ലോ. എങ്കിലും എന്‍റെ പേസര്‍മാരോട് എനിക്ക് പറയാനുള്ളത് വെറും കൈയുകൊണ്ട് ക്യാച്ചെടുക്കുന്നതിനെക്കാള്‍ എളുപ്പമാണ് ഗ്ലൗസ് ഇട്ട് ക്യാച്ചെടുക്കുന്നത് എന്നാണ്.
കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി പഞ്ചാബിനെതിരായ എല്ലാം കളികളും ഇത്തരത്തില്‍ ടെന്‍ഷനടിപ്പിച്ചാണ് അവസാനിക്കാറുള്ളത്. അത് എന്തുകൊണ്ടാണെന്ന് മാത്രം മനസിലാവുന്നില്ലെന്നും മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ ഹര്‍ഷ ഭോഗ്‌ലെയോട് സഞ്ജു പറഞ്ഞു.