CricketKeralaNewsSports

സഞ്ജുവിന് ഏറെ ആരാധകരുണ്ട്, സ്‌ട്രൈക്ക് റേറ്റും ആവറേജുമുണ്ട്‌.. പക്ഷേ, ‘മത്സര’ത്തിൽ പിന്നിലാണ്: ചോപ്ര

മുംബൈ: ഇന്ത്യയിലും വിദേശത്തുമായി ഏറെ ആരാധകരുള്ള താരമാണ് മലയാളി താരം സഞ്ജു സാംസണെങ്കിലും, ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാനുള്ള മത്സരത്തിൽ സഞ്ജു പിന്നിലാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏഷ്യാകപ്പിനുള്ള ടീമിൽനിന്ന് സഞ്ജുവിനെ തഴഞ്ഞ സാഹചര്യത്തിലാണ് ചോപ്ര നിലപാട് വ്യക്തമാക്കിയത്. ലഭിച്ചത് താരതമ്യേന ചുരുക്കം അവസരങ്ങളാണെങ്കിലും, മികച്ച പ്രകടനമായിരുന്നു സഞ്ജുവിന്റേതെന്നും ചോപ്ര അഭിപ്രായപ്പെട്ടു. സഞ്ജു ഉൾപ്പെടുന്ന ഇന്ത്യൻ ടീം ഈയാഴ്ച സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽ കളിക്കാനിറങ്ങാനിരിക്കെയാണ് ചോപ്രയുടെ അഭിപ്രായ പ്രകടനം.

‘സഞ്ജു സാംസണെ സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്. വിദേശത്തു പോലും അദ്ദേഹത്തിന് ഒട്ടേറെ ആരാധകരുണ്ട്. അവരിൽ മിക്കവരും സമൂഹമാധ്യമങ്ങളിൽ വളരെ സജീവവുമാണ്. പക്ഷേ, ലോകകപ്പ് ടീമിൽ ഇടംപിടിക്കാനുള്ള പോരാട്ടത്തിൽ സഞ്ജു അൽപം പിന്നിലാണെന്ന് എനിക്കു തോന്നുന്നു. കഴിഞ്ഞ ലോകകപ്പിനു ശേഷം അദ്ദേഹം ആകെ കളിച്ചത് ആറു മത്സരങ്ങളാണ്. 44നു മുകളിൽ ശരാശരിയും 158 സ്ട്രൈക്ക് റേറ്റുമുണ്ട്. വളരെ കുറച്ച് അവസരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിന് തന്റെ മികവ് പ്രകടിപ്പിക്കാനായിട്ടുണ്ട്’ – ചോപ്ര ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ച സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

‘‘അദ്ദേഹത്തിന്റെ ഐപിഎൽ പ്രകടനവും അത്ര മോശമല്ല. 17 മത്സരങ്ങളിൽനിന്ന് 28 ശരാശരിയിൽ അടിച്ചെടുത്തത് 458 റൺസാണ്. ഇത് താരതമ്യേന കുറവാണെന്നു തോന്നാമെങ്കിലും അദ്ദേഹം ബാറ്റു ചെയ്യുന്നത് ടോപ് ഓർഡറിലാണ്. എന്നിട്ടും 147 സ്ട്രൈക്ക് റേറ്റുണ്ട്. പക്ഷേ, ഈ പ്രകടനങ്ങളെല്ലാം ആദ്യ ഓപ്പണിങ്, വൺഡൗൺ സ്ലോട്ടുകളിൽ ബാറ്റു ചെയ്യുമ്പോഴാണ് എന്നുള്ളതാണ്’ – ചോപ്ര ചൂണ്ടിക്കാട്ടി.

ഓപ്പണിങ്, വൺഡൗൺ സ്ഥാനങ്ങളിൽ ബാറ്റിങ്ങിനെത്തുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവരാണന്ന് ചോപ്ര ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ വന്നിട്ടുള്ള സ്ഥാനങ്ങളിൽ ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് അവസരം ലഭിക്കാനുള്ള സാധ്യതകൾ തീർത്തും വിരളമാണ്. രോഹിത്തിനു പുറമെ കെ.എൽ.രാഹുൽ, വിരാട് കോലി തുടങ്ങിയവരും ഈ സ്ഥാനങ്ങളിലാണ് ബാറ്റു ചെയ്യുന്നതെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button