ഹരാരെ: ഏകദിന പരമ്പരയ്ക്ക് മുമ്പ് സിംബാബ്‍വെയുടെയും ഇന്ത്യയുടേയും താരങ്ങള്‍ കഠിന പരിശീലനത്തില്‍. ഇരു ടീമുകളും ഇന്നലെ പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സിംബാബ്‍വെ ക്രിക്കറ്റ് ട്വിറ്ററില്‍ പങ്കുവെച്ചു. മലയാളി താരം സഞ്ജു സാംസണ്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നതിന്‍റെ ചിത്രവും ഇതിലുണ്ട്. സിംബാബ്‍വെയുടെ ട്വീറ്റ് താഴെ നിരവധി പേരാണ് സഞ്ജുവിന് ആശംസയുമായി എത്തിയത്. നേരത്തെ ബിസിസിഐ ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴും സഞ്ജുവിന്‍റെ ഫോട്ടോയുണ്ടായിരുന്നു.
🇿🇼 and 🇮🇳 players were fine-tuning during today's practice sessions ahead of the upcoming three-match ODI series, starting this Thursday at Harare Sports Club.#ZIMvIND | #KajariaODISeries | #VisitZimbabwe pic.twitter.com/KDu85U8CV7
— Zimbabwe Cricket (@ZimCricketv) August 16, 2022
വ്യാഴാഴ്ച്ചയാണ് സിംബാബ്‍വെ-ഇന്ത്യ ഏകദിന പരമ്പര ആരംഭിക്കുന്നത്. 18, 20, 22 തിയതികളിലായി മൂന്ന് മത്സരങ്ങളാണ് ടീം കളിക്കുക. ഹരാരെ സ്പോർട്സ് ക്ലബിലാണ് മൂന്ന് മത്സരങ്ങളും. വിന്‍ഡീസില്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ സാധ്യതയുണ്ട്.
പരിക്കേറ്റ സ്പിന്നർ വാഷിംഗ്‍ടണ്‍ സുന്ദർ പുറത്തായത് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയാണ്. ഇതോടെ ആർസിബി താരം ഷഹ്ബാസ് അഹമ്മദിന് ഇന്ത്യന്‍ ടീമിലേക്ക് കന്നി ക്ഷണം ലഭിച്ചു. ഐപിഎല്ലില്‍ 29 മത്സരങ്ങളില്‍ 279 റണ്‍സും 13 വിക്കറ്റുമാണ് ഷഹ്ബാസിന്‍റെ സമ്പാദ്യം. റോയല്‍ ലണ്ടന്‍ കപ്പില്‍ ഫീല്‍ഡിംഗിനിടെ ഇടത്തേ ഷോള്‍ഡറിന് പരിക്കേറ്റതാണ് സുന്ദറിന് തിരിച്ചടിയായത്. വാഷിംഗ്‍ടണ്‍ സുന്ദർ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിനും ചികില്‍സയ്ക്കുമായി പോകും. അടുത്തിടെ കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം വാഷിംഗ്‍ടണ്‍ കാഴ്ചവെച്ചിരുന്നു.
സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‍ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.