മുംബൈ: സഞ്ജു സാംസണും ഇഷാൻ കിഷനുമുണ്ടെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിൽ ഇന്ത്യൻ ടീമിൽ പ്രഥമ പരിഗണന ഋഷഭ് പന്തിനു തന്നെയായിരിക്കണമെന്ന് മുൻ ചീഫ് സിലക്ടർ സാബ കരീം. സഞ്ജു സാംസണു ബാറ്ററായി ഇന്ത്യൻ ടീമിൽ കളിക്കാം.
ഇഷാൻ കിഷന് മാനേജ്മെന്റ് നൽകിയ അവസരങ്ങൾ അദ്ദേഹം ഉപയോഗിച്ചില്ലെന്നും സാബാ കരീം പ്രതികരിച്ചു. എക്സ് ഫാക്ടർ എന്നു പറയാവുന്ന താരമാണു ഋഷഭ് പന്തെന്നും ഇതാണ് അദ്ദേഹത്തിനു മേൽക്കൈ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ഇപ്പോഴും ഞാൻ സഞ്ജു സാംസണിനും ഇഷാൻ കിഷനും മുകളിൽ ഋഷഭ് പന്തിനെയായിരിക്കും സിലക്ട് ചെയ്യുക. ഋഷഭ് പന്തിനുള്ള എക്സ് ഫാക്ടര്‍ സഞ്ജുവിൽ ഞാൻ കണ്ടിട്ടില്ല. ഒരു ബാറ്ററെന്ന നിലയിൽ സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ തുടരാൻ സാധിക്കും.
ഇഷാൻ കിഷനിലും അതു കണ്ടിട്ടില്ല.ലഭിച്ച അവസരങ്ങളിൽ കൂടുതലും ഇഷാൻ കിഷൻ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ് അദ്ദേഹം സിലക്ഷനിൽ പിന്നോട്ടു പോയതും. അതുകൊണ്ടു തന്നെ ടെസ്റ്റിലടക്കം ഞാൻ ഋഷഭ് പന്തിനെയാണു തിരഞ്ഞെടുക്കുക’’– സാബാ കരീം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലാണ് ഋഷഭ് പന്ത് ഇപ്പോഴുള്ളത്. സഞ്ജു സാംസണും ഇഷാൻ കിഷനും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലുണ്ട്. ആദ്യ ഏകദിനത്തിൽ സഞ്ജു സാംസൺ അർധ സെഞ്ചറി നേടിയിരുന്നു. 86 റൺസെടുത്തു താരം പുറത്താകാതെനിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല.