FootballKeralaNewsSports

സന്ദേശ് ജിങ്കാൻ്റെ 21-ാം നമ്പര്‍ ജേഴ്സി കേരള ബ്ലാസ്റ്റേഴ്സിൽ മടങ്ങിയെത്തി, ജഴ്സി ധരിയ്ക്കുന്നത് ഈ താരം

കൊച്ചി: മുന്‍ നായകന്‍ സന്ദേശ് ജിങ്കാന്‍(Sandesh Jhingan) ധരിച്ചിരുന്ന 21-ാം നമ്പര്‍ ജേഴ്സി കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) തിരികെ കൊണ്ടുവരുന്നു. ആറ് വര്‍ഷം ബ്ലാസ്റ്റേഴ്സിനായി മഞ്ഞക്കുപ്പായത്തില്‍ കളിച്ചശേഷം 2020ല്‍ ജിങ്കാന്‍ ക്ലബ്ബ് വിട്ടതോടെയാണ് ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 21-ാം നമ്പര്‍ ജേഴ്സി ബ്ലാസ്റ്റേഴ്സ് പിന്‍വലിച്ചത്.

എന്നാല്‍ കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള മത്സരശേഷം ജിങ്കാന്‍ നടത്തിയ സെക്സിസ്റ്റ് പരമാര്‍ശത്തിന് പിന്നാലെ ജിങ്കാന്‍റെ ജേഴ്സി തിരികെ കൊണ്ടുവരണമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകകൂട്ടമായ മഞ്ഞപ്പട ആവശ്യപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് നടപ്പിലാക്കുന്നത്.

പ്രതിരോധനിരയിലെ കരുത്തനായ ബിജോയ് വര്‍ഗീസാണ് പുതിയ 21-ാം നമ്പറിന്‍റെ അവകാശി. 2021ല്‍ ഡുറാന്‍ഡ് കപ്പിലൂടെ ബ്ലാസ്റ്റേഴ്സിന്‍റെ സീനിയര്‍ ടീമില്‍ അരങ്ങേറിയ 22 കാരനായ ബിജോയ് കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞ ജേഴ്സി അണിഞ്ഞു.

21-ാം നമ്പര്‍ ജേഴ്സി തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ തന്‍റെ മുന്‍ ക്ലബ്ബിനോടും കളിക്കാരോടും ജിങ്കാന്‍റെ സമീപനം കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ എടികെ മോഹന്‍ ബഗാനായാണ് ജിങ്കാന്‍ കളിച്ചത്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സുമായുള്ള മത്സരത്തില്‍ 2-2 സമനില വഴങ്ങി ഡ്രസിങ് റൂമിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ജിങ്കാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ”ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം” (പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു) എന്നാണ് ജിങ്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ജിങ്കാന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിന് പിന്നാലെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി.

സംഭവം വിവാദമായതോടെ ജിങ്കാന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവില്‍ ജിങ്കാന് ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് എടികെ മോഹന്‍ ബഗാന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ജിങ്കാന്‍ ആരാധകരോടും ക്ലബ്ബിനോടും ക്ഷമാപണം നടത്തിയത്. ആരെയും വേദനിപ്പിക്കാനല്ല അങ്ങനെ പറഞ്ഞതെന്നും മത്സരം സമനിലയിലായതിന്റെ നിരാശ മൂലമാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ‘തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും ജിങ്കാന്‍ പറഞ്ഞിരുന്നു.

2014ലെ ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജിങ്കാന്‍ മ‍ഞ്ഞക്കുപ്പായത്തില്‍ 76 മത്സരങ്ങള്‍ കളിച്ചു. 2017ല്‍ ബ്ലാസ്റ്റേഴ്സ് നായകനായ ജിങ്കാന്‍ പ്രതിരോധനിരയില്‍ മതിലായാണ് അറിയപ്പെട്ടിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker