‘അയാള്‍ എന്നെ ചതിക്കുകയായിരിന്നു, ആ ബന്ധം ഞാന്‍ അവസാനിപ്പിച്ചു’ വെളിപ്പെടുത്തലുമായി സന ഖാന്‍
നൃത്ത സംവിധായകന്‍ മെല്‍വിന്‍ ലൂയിസിന്റെയും നടി സന ഖാന്റെയും പ്രണയം സോഷ്യല്‍ മീഡിയയില്‍ നല്ലരീതിയില്‍ ആഘോഷിക്കപ്പെട്ട ഒന്നായിരിന്നു. പ്രണയം പരസ്യമാക്കി ഇരുവരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സനയും മെല്‍വിനും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും നീക്കം ചെയ്തിട്ടുണ്ട്. പിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സന ഒരഭിമുഖത്തില്‍. ‘മെല്‍വിന്‍ എന്നെ ചതിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞാണ് ഞാനയാളെ സ്നേഹിച്ചത്. പക്ഷെ തിരിച്ച് അതല്ല എനിക്ക് കിട്ടിയത്. അത് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ വിഷാദരോഗം അലട്ടുകയാണ്’ സന പറയുന്നു.
മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ച് താന്‍ കേട്ടിരുന്നുവെന്നും എന്നാല്‍ മെല്‍വിന്‍ എല്ലാം നിഷേധിച്ചതിനാല്‍ ഒന്നും വിശ്വസിച്ചില്ലെന്നും സന പറയുന്നു. ‘ആ ബന്ധം ഞാന്‍ അവസാനിപ്പിച്ചു. മറ്റൊരാളുമായി പ്രണയത്തിലാണിപ്പോള്‍ അയാള്‍’- സന കൂട്ടിച്ചേര്‍ത്തു. ഒരുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്.