സ്‌പോര്‍ട്‌സ് ബ്രാ ധരിച്ച് പൊതുസ്ഥലത്ത് വര്‍ക്കൗട്ട്; നടിക്കെതിരെ അസഭ്യവും ആക്രമണവും; വീഡിയോ
ബംഗളൂരു: തനിക്കെതിരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായെന്ന വെളിപ്പെടുത്തലുമായി കന്നഡ നടി സംയുക്ത ഹെഗ്‌ഡേ. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്കില്‍ ചെലവഴിക്കവെ ഒരു സ്ത്രീ അടക്കമുള്ള സംഘം ആക്രമണം നടത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് നടിയുടെ ആരോപണം. ആക്രമണത്തിന്റെ വീഡിയോയും നടി പങ്കുവെക്കുന്നുണ്ട്. കന്നഡ ഇന്‍ഡസ്ട്രിയില്‍ സിനിമാ നടിമാര്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലാകുന്ന പശ്ചാത്തലത്തിലാണ് സംയുക്തയ്ക്കു നേരെ ആളുകളില്‍ നിന്നും ആക്രമണം ഉണ്ടായത്. സംയുക്തയും ലഹരി മാഫിയയുടെ അംഗത്തിലുണ്ടെന്ന് ആരോപിച്ച് അക്രമികള്‍ പ്രതിഷേധവും നടത്തുകയുണ്ടായി.
സ്‌പോര്‍ട്‌സ് ബ്രാ ധരിച്ച് വര്‍ക്കൗട്ട് ചെയ്തതാണ് ആളുകളെ ചൊടിപ്പിച്ചത്. പോലീസും മറ്റും വന്നതോടെ പ്രതിഷേധവും ശക്തമായി. ഈ സംഭവം മുഴുവന്‍ നടി തന്റെ മൊബൈലിലും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. തന്റെ വസ്ത്രമാണ് ഇവരെ പ്രകോപിപ്പിച്ചതെങ്കില്‍ നിങ്ങളും കാണു എന്നു പറഞ്ഞ് നടി ലൈവ് വിഡിയോയില്‍ വസ്ത്രം ഊരി സംഭവത്തില്‍ പ്രതികരിക്കുകയുണ്ടായി.
നടിയുടെ വാക്കുകള്‍ : ‘ഞാനും രണ്ട് സുഹൃത്തുക്കളും ബംഗളൂരു അഗര ലേക്കിന് സമീപം വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. പെട്ടന്നാണ് പ്രായമായൊരു സ്ത്രീ ഞങ്ങളുെട അരികില്‍ വന്ന് പ്രശ്‌നം തുടങ്ങിയത്. കാബ്‌റേ ഡാന്‍സ് കളിക്കുകയായിരുന്നോ എന്നായിരുന്നു അവരുടെ ചോദ്യം. ഞാന്‍ സ്‌പോര്‍ട്‌സ് ബ്രാ ധരിച്ചായിരുന്നു വര്‍ക്കൗട്ട് ചെയ്തിരുന്നത്. ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് എനിക്ക് എന്തെങ്കിലും പറ്റിയാല്‍ കരഞ്ഞുകൊണ്ടു വന്നാല്‍ പോലും ആരും സഹായിക്കില്ലെന്ന് അവര്‍ പറഞ്ഞു. ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയ കുറച്ച് ആളുകളും ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു.’
അവര്‍ പിന്നീട് അസഭ്യം പറയാന്‍ തുടങ്ങി. ഞാനും ഡ്രഗ് റാക്കെറ്റില്‍ ഉണ്ടെന്നായിരുന്നു അവരുടെ ആരോപണം. ഞങ്ങളെ അവര്‍ പാര്‍ക്കില്‍ ലോക്ക് ചെയ്തു. അതിനു ശേഷം പോലീസെത്തി ഞങ്ങളെ എല്ലാവരെയും സ്റ്റേഷനില്‍ കൊണ്ടുപോയി. അവിടെ എത്തിയിട്ടും പ്രായമായ സ്ത്രീ ഞങ്ങള്‍ക്കു നേരെ അലറുകയായിരുന്നു. അതിലൊരു പോലീസുകാരനാണ് ഞങ്ങളെ അവിടെ നിന്നും രക്ഷിച്ച് തിരിച്ചയച്ചത്.’
സത്യത്തില്‍ ഇതൊക്കെ നടന്നത് പട്ടാപകലാണെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. അതും പബ്ലിക് പാര്‍ക്കില്‍. സ്‌പോര്‍ട്‌സ് വസ്ത്രം അണിഞ്ഞ് വര്‍ക്കൗട്ട് ചെയ്ത എന്നെ ഒരു സ്ത്രീയാണ് അപമാനിച്ചത്. ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത്. ഇത്തരം സദാചാരം ചോദ്യം ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചു.’നടി പറഞ്ഞു. കിരിക് പാര്‍ട്ടി, കോമാളി, പപ്പി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് സംയുക്ത ഹെഗ്‌ഡെ.
https://www.instagram.com/tv/CEtwP4plMhN/?utm_source=ig_web_copy_link