പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ ആശംസകളുമായി സലാറിന്റെ അണിയറ പ്രവര്‍ത്തകര്‍; താരം അവതരിപ്പിക്കുന്ന വരദരാജ മന്നാറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി
ബെംഗലൂരു:ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ നിർമ്മിച്ച് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വരദരാജ മന്നാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥ്വിരാജിന്റെ ജന്മദിനമായ ഇന്ന് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
പോസ്റ്ററില്‍ നിന്ന് തന്നെ വരദരാജ മന്നാര്‍ എന്ന കഥാപാത്രം എത്രമാത്രം ശക്തമാണെന്ന് ഊഹിക്കാവുന്നതാണ്. ചിത്രത്തിലെ നായകന്‍ പ്രഭാസിന്റെ കഥാപാത്രത്തിന് സമമായ പ്രാധാന്യമുള്ള കഥാപാത്രമാണ് പൃഥ്വിരാജ് സലാറില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇരു താരങ്ങളുടെയും ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
പൃഥ്വിരാജിനെ പോലെയുള്ള സൂപ്പര്‍താരം ചിത്രത്തില്‍ അഭിനയിക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ അഭിപ്രായപ്പെട്ടു. വരദരാജ മന്നാറിനെ അവതരിപ്പിക്കാന്‍ ഇതിലും മികച്ചൊരു നടനെ കണ്ടെത്താനാകുമായിരുന്നില്ല. പൃഥ്വിരാജിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുണ്ട്.
സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജിനെയും പ്രഭാസിനെയും ഒരുമിച്ച് ഒരു സിനിമയില്‍ അവതരിപ്പിക്കുകയെന്നത് വളരെ മനോഹരമായ അനുഭവമാണെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്റെ വന്‍ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍.
അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ശ്രുതി ഹാസ്സന്‍ ആണ്. ജഗപതി ബാബു, ഈശ്വരി റാവ്, ശ്രിയ റെഡ്ഡി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും ഹിറ്റ് ചിത്രങ്ങളായ ബാഹുബലി, കെജിഎഫ് എന്നിവയുടെ ഒരു സങ്കലനമാണ് സലാര്‍. കാരണം ഇതാദ്യമായാണ് കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്, കെജിഎഫിന്റെ സംവിധായകന്‍, സാങ്കേതിക പ്രവര്‍ത്തകര്‍, ബാഹുബലിയിലെ നായകന്‍ എല്ലാവരും 2023-ലെ മികച്ച ഹിറ്റ് സംഭാവന ചെയ്യാനായി ഒന്നിക്കുന്നത്. 2023 സെപ്റ്റംബര്‍ 28-നാണ് സലാര്‍ തിയറ്ററുകളില്‍ എത്തുക.