ദിലീപ് ആരാധകര്‍ക്കും വിശ്വാസസംരക്ഷകര്‍ക്കും സജിത മഠത്തിലിന്റെ മറുപടി,നിലപാടുകള്‍ മാറ്റില്ല,രാഷ്ട്രീയത്തിന്റെ പേരില്‍ ശാപം കിട്ടുമെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാര്‍
കൊച്ചി:മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വിവാദമായിരുന്നു. മുന്‍പ് ശബരിമല വിഷയത്തില്‍ സജിത എടുത്ത നിലപാടും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുമായി ബന്ധപ്പെട്ട് അതിനുള്ള ശിക്ഷയാണ്, അല്ലെങ്കില്‍ ശാപമാണ് അലനെ അറസ്റ്റ് ചെയ്തതിലൂടെ താരത്തിന് കിട്ടിയതെന്ന് വരെ പലരും വിമര്‍ശനമുന്നയിച്ചു.നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ നിലപാടികളുടെ പരിണിതഫലമെന്ന് ദിലീപ് ആരാധകരും വിമര്‍ശനമുന്നയിയ്ക്കുന്നു.
വിമര്‍ശനം കടുത്തതോടെ സജിത പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്തു. അന്ന് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ.ഇന്ന് തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് അവന്റെ വല്ല്യമ്മ എന്ന നിലയിലാണെന്നും സജിത പ്രതികരിച്ചു. ‘എന്നെ ഇപ്പോള്‍ അലട്ടുന്നത് അലനെതിരേ യുഎപിഎ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്. എന്റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ശാപം കിട്ടുമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ആയിക്കോട്ടെ. ഞാനത് എടുക്കാന്‍ തയ്യാറാണ്
എന്നെ സംബന്ധിച്ച് ഞാന്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ബോധങ്ങള്‍ ശരിയാണെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അതില്‍ നിന്ന് പുറകോട്ട് ഞാന്‍ പോവില്ല. ആ രാഷ്ട്രീയബോധം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് സന്തോഷം തോന്നുകയാണെങ്കില്‍ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ… ഇതേ പോലെ 10- 25 പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും സജിത പ്രതികരിച്ചു.