ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് സഫൂറയ്ക്ക് ജാമ്യം അനുവദിച്ചത്. പതിനായിരം രൂപയുടെ ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.
കോടതിയുടെ അനുവാദം ഇല്ലാതെ ഡല്‍ഹി വിടരുത്. അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണില്‍ ബന്ധപ്പെടണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍. മാനുഷിക പരിഗണനയില്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഏപ്രില്‍ 10ന് സഫൂറ അറസ്റ്റിലായത്. ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ സഫൂറയെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ആണ് അറസ്റ്റ് ചെയ്തത്. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗമായ സഫൂറ, അറസ്റ്റിലാകുന്ന സമയത്ത് ഗര്‍ഭിണിയായിരുന്നു. നാല് മാസം ഗര്‍ഭിണി ആയ സഫൂറയുടെ തടവിനെതിരെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഗര്‍ഭകാലത്തിന്റെ 23-ാം ആഴ്ചയിലാണ് ഇപ്പോള്‍ സഫൂറയുള്ളത്.
സഫൂറയുടെ ജാമ്യാപേക്ഷ ഡല്‍ഹി വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യത്തിന് യോഗ്യതകള്‍ ഒന്നുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭിണിയായ സഫൂറയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇതിനു പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ എം.ഫില്‍ വിദ്യാര്‍ഥിനിയാണ് സഫൂറ. ഭീകരവിരുദ്ധ നിയമപ്രകാരവും യുഎപിഎ പ്രകാരവുമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.