FeaturedKeralaNews

“സച്ചു ഇനിയും ജീവിക്കും ; ആറ് ജീവനുകളിലൂടെ

കോട്ടയം :സച്ചു ഇനിയും ജീവിക്കും; ആറ് ജീവനുകളിലൂടെ. ബൈക്കപകടത്തിൽ ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ളാക്കാട്ടൂർ മുളകുന്നത്ത് എം.ഡി സജിയുടെ മകൻ സച്ചു സജി(22)യുടെ ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യുന്നതിന് മാതാപിതാക്കളും ഭാര്യയും തീരുമാനിക്കുകയായിരുന്നു.

പൊതുപ്രവർത്തകരും സച്ചുവിൻ്റെ പിതാവ് സജിയുടെ സുഹൃത്തുക്കളുമായ അനിൽ കൂരോപ്പടയും മനോജ് പി.നായരും ഉണ്ണി വെള്ളറങ്ങാട്ടും സജിയോട് അവയവദാനം സംബന്ധിച്ച് സംസാരിച്ചപ്പോൾ ഏക മകൻ്റെ വേർപാടിൽ തീവ്ര ദു:ഖത്തിലും മാതാപിതാക്കളായ സജിയും സതിയും സച്ചുവിൻ്റെ ഭാര്യ ശാലുവും മഹത്തരമായ തീരുമാനം എടുക്കുകയായിരുന്നു.

സച്ചുവിൻ്റെ ഹൃദയം പെരുമ്പാവൂർ കീഴില്ലം സ്വദേശിയായ നന്ദകുമാറിനും (27) വൃക്കകളിലൊന്ന് പൊൻകുന്നം സ്വദേശിയായ അശ്വതി (27) ക്കും ഒരെണ്ണം എറണാകുളം സ്വദേശി രാജപ്പനും (44) നൽകി.കരൾ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള തിരുവനന്തപുരം സ്വദേശിനി സുകുമാരിയമ്മയ്ക്കും നൽകി.

സച്ചുവിൻ്റെ കണ്ണുകൾ നേത്ര ബാങ്കിൽ സൂക്ഷിക്കും.അഞ്ച് മണിക്കൂറിലധികം നീണ്ട് നിന്ന ശസ്ത്രക്രിയകൾക്ക് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.റ്റി.കെ.ജയകുമാർ, ഡോക്ടർമാരായ സുരേഷ് ഭട്ട്, മാത്യൂ, ജയകുമാർ, ശാന്തി, മഞ്ജുഷ, തോമസ്, സേതുമാധവ് എന്നിവരും ക്രമീകരണങ്ങൾക്ക് മൃതസഞ്ജീവനി സെൻട്രൽ സോൺ കോ-ഓർഡിനേറ്റർ ജിമ്മി ജോർജും നേതൃത്വം നൽകി.
സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന സച്ചു ആഗസ്റ്റ് അഞ്ചാം തീയതി കൂട്ടുകാരനായ ളാക്കാട്ടൂർ സ്വദേശി ജോയലുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ മോസ്കോ കവലക്ക് സമീപം നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.

ജോയലും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഐ.എൻ..ടി.യു.സി തൊഴിലാളി യൂണിയൻ പ്രവർത്തകനായ സജിയും (വിനോദ്) കുടുംബവും ളാക്കാട്ടൂർ തോട്ടപ്പള്ളിയിലെ അഞ്ച് സെൻ്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് കഴിയുന്നത്. സച്ചു സജിയുടെ സംസ്ക്കാരം നാളെ (ശനി) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker