മുംബൈ: വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് ഏക ഉപജീവനമാര്‍ഗമെന്നും ക്രിക്കറ്റ് മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ തെരയുകയാണെന്നും കാംബ്ലി മാധ്യമങ്ങളോട് പറഞ്ഞു. 50 വയസുകാരനായ കാംബ്ലി 2019 സീസണിലെ ടി20 മുംബൈ ലീഗില്‍ ഒരു ടീമിന്റെ പരിശീലകനായിരുന്നു.
കൊവിഡ് പ്രതിസന്ധി മുന്‍ ഇന്ത്യന്‍ ബാറ്ററേയും ബാധിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന 30,000 രൂപ മാസ പെന്‍ഷനാണ് കാംബ്ലിയുടെ ഏക വരുമാനം. കുറച്ചുകാലം ടെന്‍ഡുല്‍കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയില്‍ പരിശീലകനായി. അക്കാദമി സ്ഥിതി ചെയ്യുന്ന നെറൂല്‍ ദിവസവും യാത്ര ചെയ്ത് എത്താന്‍ പറ്റാത്തത്ര ദൂരെയാണെന്ന് കാംബ്ലി പറയുന്നു.
‘ഞാന്‍ രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കുമായിരുന്നു. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്ക് ടാക്‌സി വിളിക്കും. അത് ശ്രമകരമായിരുന്നു. പിന്നെ വൈകുന്നേരം ബികെസി ഗ്രൗണ്ടില്‍ പോയി പരിശീലനം നല്‍കുകയും ചെയ്യുമായിരുന്നു. ഞാന്‍ വിരമിച്ച ഒരു ക്രിക്കറ്റ് കളിക്കാരനാണ്. ബിസിസിഐയുടെ പെന്‍ഷനെ പൂര്‍ണമായും ആശ്രയിച്ചാണ് ജീവിക്കുന്നത്. മറ്റൊരു വരുമാനവും ഇപ്പോഴില്ല. എനിക്കതില്‍ ബോര്‍ഡിനോട് വലിയ നന്ദിയും കടപ്പാടുമുണ്ട്,’ കാംബ്ലി മിഡ് ഡേ പത്രത്തോട് പ്രതികരിച്ചു.
ബാലകാല സുഹൃത്തും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് താങ്കളുടെ അവസ്ഥ അറിയാമോയെന്ന ചോദ്യത്തിന് കാംബ്ലിയുടെ മറുപടി ഇങ്ങനെ; ‘സച്ചിന് എല്ലാം അറിയാം. പക്ഷെ, അവനില്‍ നിന്ന് ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല. അവനാണ് ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയില്‍ ജോലി നല്‍കിയത്. ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു. അവന്‍ നല്ല സുഹൃത്താണ്. എപ്പോഴും അവന്‍ എന്നെ സഹായിക്കാനായി ഉണ്ട്,’
മുംബൈ ടീമിന് തന്നെ ആവശ്യമാണെങ്കില്‍ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് കാംബ്ലി പറഞ്ഞു, ‘ചെറുപ്പക്കാരെ ട്രെയ്ന്‍ ചെയ്യിപ്പിക്കാനാകുന്ന അവസരങ്ങളാണ് എനിക്ക് വേണ്ടത്. അമോല്‍ മുസുംദാറിനെ മുംബൈ മുഖ്യ പരിശീലകനാക്കിയെന്ന് എനിക്കറിയാം. പക്ഷെ, എന്നെ ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്. ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുള്ളതാണ്. ഞങ്ങള്‍ മികച്ച ടീമായിരുന്നു. മുംബൈ അതുപോലെ ഒരു ടീമായി കളിക്കണമെന്നാണ് ഞാന്‍ പറയുന്നത്,’. ഇന്ത്യക്ക് വേണ്ടി 104 അന്താരാഷ്ട്ര ഏകദിനങ്ങളും 17 ടെസ്റ്റ് മാച്ചുകളും കളിച്ചിട്ടുള്ളയാളാണ് കാംബ്ലി. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 3561 റണ്‍സ് നേടി. 1991 മുതല്‍ 2000 വരെയുള്ള കാലയളവില്‍ നാല് ടെസ്റ്റ് സെഞ്ചുറികളും രണ്ട് ഏകദിന സെഞ്ചുറികളും കാംബ്ലി കരസ്ഥമാക്കി.