കൊച്ചി: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കലാകേരളം വിട നല്‍കി. കൊച്ചിയിലെ രവിപുരം ശ്മശാനത്തില്‍ യായിരുന്നു സംസ്‌കാരം. സച്ചിയുടെ സഹോദരന്റെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. അടുത്ത സുഹൃത്തുക്കളായ നടന്‍ സുരേഷ്‌കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ളവരും അടുത്ത ബന്ധുക്കളും സംസ്‌കാര ചടങ്ങിന് സാക്ഷിയായി.
തൃശൂരില്‍നിന്നും ഇന്നു രാവിലെ ഒന്‍പതരയോടെ കൊച്ചിയിലെത്തിച്ച മൃതദേഹം ഒരു മണിക്കൂറോളം ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സില്‍ പൊതുദര്‍ശനത്തിനു വച്ചു. എട്ടു വര്‍ഷം ഹൈക്കോടതിയില്‍ ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന സച്ചിക്ക് പഴയ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിച്ചു.
സിനിമാ മേഖലയില്‍നിന്നും സച്ചി-സേതു കൂട്ടുകെട്ടിലെ സേതു, നടനും സംവിധായകനുമായ ലാല്‍, നടന്മാരായ സുരേഷ് കൃഷ്ണ, മുകേഷ് എന്നിവരും ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ഹൈക്കോടതിയിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.
തുടര്‍ന്നാണു തമ്മനത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. ഇവിടെയും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി സിനിമാ മേഖലയില്‍നിന്നടക്കം നിരവധി പേരാണ് ഇവിടെയും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സച്ചി വ്യാഴാഴ്ച രാത്രി 10.10നാണ് അന്തരിച്ചത്. മറ്റൊരു ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദേഹത്തെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ സച്ചി ഏറെ നാളായി എറണാകുളത്തായിരുന്നു താമസം. പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതിനിടെയാണ് സച്ചിയെ അവിചാരിതമായി മരണം കവര്‍ന്നത്.അഭിഭാഷകനായിരുന്ന സച്ചി സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന സേതുവുമൊന്നിച്ചാണ് മലയാള സിനിമയിലേക്കു തിരക്കഥാകൃത്തായി പ്രവേശിക്കുന്നത്. 2007-ല്‍ പുറത്തുവന്ന ചോക്ലേറ്റ് എന്ന സിനിമയുടെ തിരക്കഥ സച്ചിയും സേതുവും ചേര്‍ന്നാണ് എഴുതിയത്.
പിന്നീട് 2012ല്‍ ജോഷിയുടെ മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്ണിലൂടെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി. അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. കൊവിഡ് 19 ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിനുമുമ്പേ തീയറ്ററുകളില്‍ വന്‍ ഹിറ്റായ അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകള്‍ക്കു തിരക്കഥയെഴുതി.