യുവതികള്‍ക്ക് ശബരിമലയില്‍ പോകാം; പ്രത്യേക സംരക്ഷണം നല്‍കില്ലെന്ന് പോലീസ്
തിരുവനന്തപുരം: യുവതികള്‍ക്കു ശബരിമലയില്‍ പോകാമെന്നും പക്ഷെ ഇതിനായി പ്രത്യേക സംരക്ഷണം നല്‍കില്ലെന്നും പോലീസ്. ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയ തൃപ്തി ദേശായി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം നിരസിച്ച ശേഷമാണ് പോലീസിന്റെ വിശദീകരണം. ശബരിമലയില്‍ പോകണമെന്നുള്ളവര്‍ക്കു പോകാം. പക്ഷേ പ്രത്യേക സുരക്ഷ നല്‍കാന്‍ പോലീസിനു സാധിക്കില്ല. എരുമേലിയില്‍നിന്നു ശബരിമലയിലേക്കു നൂറുകണക്കിനു പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അവര്‍ ഇടപെടും.
പക്ഷേ ഓരോ വ്യക്തിക്കും പ്രത്യേകം സംരക്ഷണം നല്‍കാന്‍ സേനയ്ക്കു സാധിക്കില്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സംവിധാനങ്ങളുടെ അപര്യാപ്തത കാരണമാണ് വ്യക്തികള്‍ക്കു സുരക്ഷ ഒരുക്കാന്‍ സാധിക്കാത്തതെന്നാണു പോലീസിന്റെ ന്യായം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പ്രതികരണത്തിനില്ലെന്നാണു ഡിജിപി ലോകനാഥ് ബെഹ്‌റയുടെ നിലപാട്.