പോലീസ് വാഹനം തടഞ്ഞു; കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഹോളി ക്രോസ് ആശുപത്രിയുടെ മുന്നില്‍ രാവിലെ 9.30നാണ് തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചത്. പമ്പയിലും എരുമേലിയിലും വാഹനങ്ങളുടെ തിരക്കുമൂലം കാഞ്ഞിരപ്പള്ളിയില്‍ നിന്നു തീര്‍ഥാടക വാഹനങ്ങള്‍ പോലീസ് കടത്തി വിട്ടിരുന്നില്ല. ഇതിനെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ വാഹങ്ങളില്‍ നിന്നും ഇറങ്ങി റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരിന്നു. പോലീസ് സ്ഥലത്തെത്തി സംസാരിച്ച ശേഷമാണ് ഇവര്‍ ഉപരോധം അവസാനിപ്പിച്ചത്.
ബുധനാഴ്ച മകരവിളക്കായതിനാല്‍ ശബരിമലയിലേക്ക് വന്‍ ഭക്തജനപ്രവാഹമാണ്. തീര്‍ഥാടകര്‍ കൂടുതലായി എത്തിയാല്‍ പമ്പയിലും കാനനപാതയിലെ മറ്റ് കേന്ദ്രങ്ങളിലും തീര്‍ഥാടക വാഹനങ്ങള്‍ തടഞ്ഞ് തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. മകവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.