FeaturedNews

അധിനിവേശം വാതില്‍പ്പടിയില്‍; യുക്രൈയ്ന്‍ അതിര്‍ത്തിക്കരികെ റഷ്യന്‍ സൈന്യം

മോസ്‌കോ: യുക്രൈയ്ന്‍ അതിര്‍ത്തിയോട് കൂടുതല്‍ അടുത്ത് റഷ്യന്‍ സൈന്യം. യുക്രൈയ്ന്‍ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ സൈന്യം നിലയുറപ്പിച്ചതിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. മാക്സര്‍ ടെക്നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തെക്കന്‍ ബലാറസിലും യുക്രെയ്ന്‍ അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ റഷ്യയിലെ വിവിധ ഭാഗങ്ങളിലാണ് അധിക സൈനിക വിന്യാസം.

തെക്കന്‍ ബെലാറസിലെ മോസിറിനടുത്തുള്ള ഒരു ചെറിയ വ്യോമതാവളത്തില്‍ 100-ലധികം വാഹനങ്ങളും ഡസന്‍ കണക്കിന് സൈനിക കൂടാരങ്ങളും പുതിയ ചിത്രത്തില്‍ കാണാം. യുക്രൈയ്ന്‍ അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ വ്യോമതാവളം. പടിഞ്ഞാറന്‍ റഷ്യയിലെ പോഷെപിന് സമീപം കൂടുതല്‍ വിന്യാസത്തിനായി പ്രദേശത്തെ തടസങ്ങള്‍ നീക്കുന്നതും ചിത്രത്തില്‍ വ്യക്തമാണ്.

യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്ററില്‍ താഴെയുള്ള ബെല്‍ഗൊറോഡിന്റെ തെക്കുപടിഞ്ഞാറുള്ള ഗ്രാമപ്രദേശങ്ങളില്‍ നിരവധി പുതിയ സൈനികരെയും ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്. താല്‍ക്കാലിക ആശുപത്രിയും നിര്‍മിച്ചിട്ടുണ്ട്. കിഴക്കന്‍ യുക്രൈയ്‌നിലെ വിമത നിയന്ത്രിത പ്രദേശങ്ങളായ ലുഹാന്‍സ്‌കിനെയും ഡോണറ്റ്‌സ്‌കിനെയും സ്വതന്ത്രരാജ്യങ്ങളായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റഷ്യ സൈനിക നീക്കം ആരംഭിച്ചത്. സമാധാനദൗത്യത്തിനെന്ന പേരില്‍ അങ്ങോട്ടേക്കു റഷ്യന്‍ സൈന്യത്തെ അയക്കുകയായിരുന്നു.

സാംസ്‌കാരികമായി റഷ്യന്‍ പാരന്പര്യം പേറുകയും ദീര്‍ഘകാലം സുഹൃത്തായി തുടരുകയും ചെയ്ത യുക്രൈയ്ന്‍ പാശ്ചാത്യ ശക്തികളുമായി അടുത്തതും നാറ്റോ സൈനിക സഖ്യത്തില്‍ ചേരാന്‍ നീക്കം നടത്തിയതുമാണു റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. റഷ്യയെ തടയാന്‍ യുഎസും യൂറോപ്യന്‍ ശക്തികളും പ ലവിധ ചര്‍ച്ചകള്‍ നടത്തിയതിലും ഫലം കാണുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button