FootballNewsSports

യൂറോക്കപ്പിൽ റഷ്യയ്ക്ക് ജയം

സെയ്ന്റ് പീറ്റേഴ്സ്ബർഗ്: 2020 യൂറോകപ്പിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി റഷ്യ. ഗ്രൂപ്പ് ബിയിൽ ഫിൻലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റഷ്യ വിജയം ആഘോഷിച്ചത്. അലെക്സി മിറാൻചുക്കാണ് റഷ്യയ്ക്കായി വിജയഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ബെൽജിയത്തോട് റഷ്യ പരാജയപ്പെട്ടിരുന്നു. ഈ വിജയം റഷ്യയുടെ നോക്കൗട്ട് സാധ്യതകൾ സജീവമാക്കി.

മത്സരം തുടങ്ങി ആദ്യ മിനിട്ടിൽ തന്നെ റഷ്യ ഒരു കോർണർ നേടിയെടുത്തു. എന്നാൽ അത് ഗോളവസരമാക്കാൻ സാധിച്ചില്ല. മൂന്നാം മിനിട്ടിൽ ഫിൻലൻഡ് നടത്തിയ ആദ്യ മുന്നേറ്റത്തിൽ തന്നെ പൊഹാൻപോളോ റഷ്യൻ വല കുലുക്കിയെങ്കിലും റഫറി വാറിലൂടെ(വി.എ.ആർ) ഓഫ് സൈഡ് വിളിച്ചു.

പിന്നാലെ റഷ്യയുടെ ആദം സ്യൂബ ഫിൻലൻഡ് പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും അത് പോസ്റ്റിൽ തട്ടിത്തെറിച്ചു. റഫറി ഓഫ് സൈഡും വിളിച്ചു. പതിയെ റഷ്യ കളിയിൽ ആധിപത്യം സ്ഥാപിച്ചു.

20-ാം മിനിട്ടിൽ റഷ്യയുടെ മുന്നേറ്റതാരം പൊഹാൻപോളോയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിനത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 22-ാം മിനിട്ടിൽ റഷ്യയുടെ മരിയോ ഫെർണാണ്ടസ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. ഫെർണാണ്ടസിന് പകരക്കാരനായി കാരവയേവ് ഗ്രൗണ്ടിലെത്തി.

എന്നാൽ 37-ാം മിനിട്ടിൽ കാരവയേവിനും ഗുരുതരമായി പരിക്കേറ്റു. ഗോളടിക്കാൻ ശ്രമിക്കുന്നതിനിടേ പോസ്റ്റിൽ കാലിടിച്ചാണ് താരത്തിന് പരിക്കേറ്റത്. അൽപ സമയത്തിനുശേഷം താരം ഗ്രൗണ്ടിൽ തിരിച്ചെത്തി.

ഒടുവിൽ നിരന്തര പ്രയത്നങ്ങൾക്കൊടുവിൽ റഷ്യ ഗോൾ നേടി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ അലെക്സി മിറാൻചുക്കാണ് റഷ്യയ്ക്കായി ഗോൾ നേടിയത്. മികച്ച പാസിങ് ഗെയിം പുറത്തെടുത്തുത്ത റഷ്യൻ താരങ്ങൾ ബോക്സിനുള്ളിലുള്ള മിറാൻചുക്കിന് പന്ത് നൽകി. പന്ത് സ്വീകരിച്ചയുടൻ ഫിൻലൻഡ് പ്രതിരോധതാരങ്ങളെ മറികടന്ന് മിറാൻചുക്ക് മഴവിൽ പോലെ പന്ത് വലയിലേക്ക് കോരിയിട്ടു. വൈകാതെ ആദ്യപകുതിയും അവസാനിച്ചു.

രണ്ടാം പകുതിയിൽ ഫിൻലൻഡ് ഉണർന്നുകളിച്ചു. അതിന്റെ ഭാഗമായി 49-ാം മിനിട്ടിൽ മുന്നേറ്റതാരം പുക്കിയ്ക്ക് ഓപ്പൺ അവസരം ലഭിച്ചു. പക്ഷേ താരത്തിന്റെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.51-ാം മിനിട്ടിൽ റഷ്യയുടെ ഗൊളോവിന്റെ ലോങ്റേഞ്ചർ ഫിൻലൻഡ് പോസ്റ്റിലുരുമ്മി കടന്നുപോയി. പിന്നാലെ നിരന്തരം ആക്രമിച്ച് കളിച്ച് റഷ്യ ഫിൻലൻഡിന് മേൽ ആധിപത്യം സ്ഥാപിച്ചു.

72-ാം മിനിട്ടിൽ ഗോളോവിന്റെ ഗോളെന്നുറച്ച ഷോട്ട് തകർപ്പൻ ഡൈവിലൂടെ ഫിൻലൻഡ് ഗോൾകീപ്പർ റാഡെക്സി രക്ഷപ്പെടുത്തി. മധ്യനിര നന്നായി കളിച്ചെങ്കിലും സ്ട്രൈക്കർമാരുടെ വേഗക്കുറവ് ഫിൻലൻഡിന് വിനയായി. താരങ്ങളെ മാറി പരീക്ഷിച്ചെങ്കിലും റഷ്യൻ പ്രതിരോധമതിൽ തകർക്കാനുള്ള കരുത്ത് ആർജ്ജിക്കാൻ ഫിൻലൻഡിന് സാധിച്ചില്ല. വൈകാതെ റഷ്യ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker