KeralaNews

‘റീ എഡിറ്റിന് ശേഷവും ദേശവിരുദ്ധത’, മുരളി ​ഗോപി അരാജകത്വം പടർത്തുന്നുവെന്ന് ആർ.എസ്.എസ് ഓർഗനൈസറിൽ വീണ്ടും ലേഖനം

ന്യൂഡല്‍ഹി: എമ്പുരാന്‍ സിനിമക്കെതിരേ വീണ്ടും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. റീ എഡിറ്റ് ചെയ്തിട്ടും സിനിമയില്‍ ദേശവിരുദ്ധതയും ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നുവെന്നും മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നുവെന്നും ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ പറയുന്നു. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ഓര്‍ഗനൈസര്‍ ലേഖനത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോഴിതാ റീ എഡിറ്റ് പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെയും ഓര്‍ഗനൈസര്‍ വിമര്‍ശനം തുടരുകയാണ്.

കേരളയുവത്വം മയക്കുമരുന്നിന്റെയും അരാജകസിനിമകളുടെയും പിടിയിലാണെന്നും അതിന് സഹായകരമാകുന്ന രീതിയിലുള്ള പ്രമേയമാണ് എമ്പുരാനിലുള്ളതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ പറയുന്നു. ദേശവിരുദ്ധതയ്ക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ലേഖനത്തിലുണ്ട്. റീ എഡിറ്റ് ചെയ്തതിന് ശേഷവും ആര്‍എസ്എസ് മുഖപത്രം വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ലേഖനം. എമ്പുരാനോടുള്ള എതിര്‍പ്പ് തുടരുന്നുവെന്ന് കൂടി ലേഖനം വ്യക്തമാക്കുന്നു.

മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നുവെന്നും രാജ്യത്തെ ഭരണകൂടത്തെയും നിയമസംഹിതകളെയും വെല്ലുവിളിക്കുന്ന വ്യക്തിയാണ് മുരളി ഗോപിയെന്നും ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ പറയുന്നു.

വിവാദങ്ങൾക്ക് പിന്നാലെ എമ്പുരാനിൽ 24 ഭാ​ഗങ്ങളിലാണ് മാറ്റംവരുത്തിയത്. പ്രധാന വില്ലന്റെ ബജ്റം​ഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായും റീ എഡിറ്റഡ് സെൻസർ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുകൂടാതെ നന്ദി കാർഡിൽ നിന്ന് സുരേഷ് ​ഗോപിയുടെ പേരും ഐആർഎസ് ഉദ്യോ​ഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കിയതായി രേഖയിൽ കാണാം.

മൂന്ന് മണിക്കൂറുള്ള സിനിമയിലെ രണ്ടു മിനിട്ട് എട്ടു സെക്കന്റ് വരുന്ന ഭാ​ഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്നതും സ്ത്രീകൾക്കെതിരായ അതിക്രമസീനുകളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാ​ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

സിനിമയിൽ കാണിക്കുന്ന കലാപരം​ഗങ്ങളുടെ കാലഘട്ടമായി 2002 ആണ് ആദ്യ പതിപ്പിൽ കാണിച്ചിരുന്നത്. പുതിയ പതിപ്പിൽ ‘എ ഫ്യൂ ഇയേർസ് എ​ഗോ’ എന്നായിരിക്കും പ്രദർശിപ്പിക്കുക. ഇതുകൂടാതെ പ്രധാന വില്ലന്റെ പേര് ബജ്രം​ഗി എന്നുള്ളത് പരാമർശിക്കുന്ന എല്ലാ ഭാ​ഗത്തും ബൽദേവ് എന്നായിരിക്കും പുതിയ പതിപ്പിലുണ്ടാകുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker