കൊച്ചി: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും കൊവിഡ് പരിശോധനാ ഫലം പുറത്തുവരാത്തിനാല്‍ വീട്ടില്‍ പോകാന്‍ കഴിയാതെ വിദേശത്ത് നിന്നെത്തിയ യുവാവ്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ശ്രീരാജാണു ദുബായില്‍ നിന്നെത്തി ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും ഫലം അറിയാത്തതിനാല്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിയുന്നത്.
14 ദിവസം പെയ്ഡ് ക്വാറന്റൈന്‍ പൂര്‍ത്തിയായ ഈ മാസം മൂന്നിനാണു സ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്. സ്രവമെടുത്ത് 14 ദിവസം കഴിഞ്ഞിട്ടും ഫലം ലഭിച്ചിട്ടില്ല. ഒപ്പം എടുത്തവരുടെയെല്ലാം ഫലമറിഞ്ഞ് എല്ലാവരും വീടുകളില്‍ പോകുകയും ചെയ്തു. ക്വാറന്റൈന്‍ പൂര്‍ത്തിയായതോടെ വീട്ടില്‍ പോകാമായിരുന്നെങ്കിലും ഫലം എത്താത്തതിനാല്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് അയച്ചാണ് സ്രവ പരിശോധന നടത്തിയത്. ഫലം എന്താണെന്നു ചോദിച്ചിട്ട് ആശുപത്രി അധികൃതരും കൃത്യമായ മറുപടി നല്‍കാത്ത സാഹചര്യമാണുള്ളത്. ആലപ്പുഴയിലേക്കു സ്രവം അയച്ചു കൊടുത്തെന്നും ആറു ദിവസം വരെ വൈകാറുണ്ടെന്നുമാണു മറുപടി.