മുംബൈ: പേടിഎം പേയ്‌മെന്റസ് ബാങ്കിന്റെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നുമാണ് പ്രധാന നിര്‍ദേശം.
അതേസമയം, ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടില്‍ നിലവിലുള്ള തുക പിന്‍വലിക്കാന്‍ കഴിയും. പേടിഎം സേവിങ്‌സ് അക്കൗണ്ട്, ഫാസ്ടാഗ്‌സ്, കറന്റ് അക്കൗണ്ട്‌സ്, വാലറ്റ് എന്നിവയില്‍ നിന്ന് പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ബാങ്കിന്റെ യുപിഐ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാവില്ല.
ഫെബ്രുവരി 29-ാം തീയ്യതിയോ അതിനുമുമ്പോ തുടങ്ങിയ എല്ലാ ട്രാന്‍സാക്ഷനുകളും മാര്‍ച്ച് 15-നകം അവസാനിപ്പിക്കണം. ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്‌മെന്റസ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.