പുത്തുമലയില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും; കാരണം ഇതാണ്
മലപ്പുറം: പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പതിനെട്ടു ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ ദിവസം തന്നെ പുത്തുമലയില്‍ നിന്നും മടങ്ങിയിരുന്നു.
ഹംസ എന്നയാളെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് പുത്തുമലയില്‍ നടക്കുക. ബന്ധുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നേരത്തെ തെരച്ചില്‍ നടത്തിയ പച്ചക്കാട് മേഖലയില്‍ ഒരിക്കല്‍ കൂടി തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. ഇവിടെനിന്നും കാണാതായ 17 പേരില്‍ 12 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത്. ഇനി 5 പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്.
മലപ്പുറം കവളപ്പാറയില്‍ പതിനൊന്നു പേരെയാണ് കണ്ടെത്താനുള്ളത്. ഇവിടെ ഇന്നും തെരച്ചില്‍ നടത്താനാണ് തീരുമാനം. കഴിഞ്ഞ നാലു ദിവസങ്ങളിലെ തെരച്ചിലില്‍ ആരേയും കണ്ടെത്താന്‍ കഴിയാത്തത് കടുത്ത നിരാശയ്ക്കിടയാക്കിയിരുന്നു.