ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ എക്‌സ്‌ക്ല്യൂസിവുകള്‍ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പായുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ വ്യത്യസ്തമായ വാര്‍ത്താ റിപ്പോര്‍ട്ടിഗിലൂടെ സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി നേടിയിരിക്കുകയാണ് പാക് ന്യൂസ് ചാനലായ ജി ടിവിയുടെ റിപ്പോര്‍ട്ടര്‍ അസദര്‍. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടന്ന് കോട്ട് ചട്ട ഭാഗത്തുണ്ടായ പ്രളയം റിപ്പോര്‍ട്ട് ചെയ്യുന്ന അസദറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് അസദറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ ചിലര്‍ ചാനലിനെ വിമര്‍ശിച്ചും രംഗത്തെത്തി. റിപ്പോര്‍ട്ടറെ അപകടത്തിലേക്ക് തള്ളിയിടുകയാണ് ചാനലെന്നാണ് ചിലരുടെ ആരോപണം. ആറ് ദിവസം തുടര്‍ച്ചയായി പെയ്ത മഴ പ്രളയത്തിന് വഴിമാറിയപ്പോള്‍ ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന്റെ ആഴം ആളുകളിലേക്കെത്തിക്കാനായിരുന്നു അസദറിന്റെ ശ്രമം.
ഇതിന് മുമ്പ് ന്യൂസ് 18 കേരളയുടെ ന്റെ റിപ്പോര്‍ട്ടര്‍ എം.എസ് അനീഷ് കുമാറിന്റെ വീഡിയോയും ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. ആലപ്പുഴ നീര്‍ക്കുന്നത്തെ കടല്‍ക്ഷോഭത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അനീഷ് കുമാറിന്റെ കുട തിരമാലയില്‍ തകരുന്നതായിരിന്നു വീഡിയോ. ബി.ബി.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ചാനലുകളില്‍ ഇദ്ദേഹത്തിന്റെ ഈ വീഡിയോയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരിന്നു.