CrimeNationalNews

കന്നഡ സൂപ്പർ സ്റ്റാർ ദർശൻ പ്രതിയായ കൊലക്കേസ്: നടി പവിത്ര ​ഗൗഡ അറസ്റ്റിൽ

ബെം​ഗളൂരു: ചിത്രദുർ​ഗ സ്വദേശി രേണുകാ സ്വാമിയുടെ കൊലപാതക്കേസിൽ നടി പവിത്ര ​ഗൗഡ പോലീസ് അറസ്റ്റിൽ. കേസിൽ കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിലായതിനുപിന്നാലെയാണ് താരത്തിന്റെ സുഹൃത്തുകൂടിയായ പവിത്രയെ പോലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത്.

ഈ മാസം എട്ടിനാണ് ചിത്രദുർ​ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസിൽ വെച്ചാണ് ദർശനെ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലക്കേസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് പവിത്രയേയും കസ്റ്റഡിയിലെടുത്തത്.

2013-ൽ ഛത്രികളു ഛത്രികളു സാർ ഛത്രികളു എന്ന ചിത്രത്തിലൂടെ സിനിമാഭിനയരം​ഗത്തെത്തിയ നടിയാണ് പവിത്ര ​ഗൗഡ. ബത്താസ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. 2016-ൽ 54321 എന്ന തമിഴ് ചിത്രത്തിലും പവിത്ര അഭിനയിച്ചിരുന്നു. പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദര്‍ശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സോഷ്യല്‍ മീഡിയയില്‍ വാക്ക്‌പോരും നടത്തിയിരുന്നു.

കാമാക്ഷിപാളയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരവേ ​തിങ്കളാഴ്ച ഗിരിന​ഗറിൽനിന്നുള്ള മൂന്നുപേർ പോലീസിനുമുന്നിൽ കീഴടങ്ങി. തങ്ങളാണ് ഈ മരണത്തിനുപിന്നിലെന്ന് ഇവർ അവകാശപ്പെട്ടു. സാമ്പത്തിക ഇടപാടിനേക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഇവർ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് മരിച്ചത് രേണുകാ സ്വാമി എന്നയാളാണെന്നും അതിനുപിന്നിലെ യഥാർത്ഥ കാരണവും വ്യക്തമായത്.

രേണുകാ സ്വാമി അയച്ച അശ്ലീല സന്ദേശങ്ങളേക്കുറിച്ചറിഞ്ഞ ദർശൻ ചിത്രദുർ​ഗയിലെ തന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനെ ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. രേണുകാ സ്വാമിയെ ചിത്രദുർ​ഗയിൽനിന്ന് സിറ്റിയിലെ ഒരിടത്തെത്തിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയിലുപേക്ഷിക്കുകയായിരുന്നെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button