രമ്യ ഹരിദാസിന്റെ കാര്‍ വിവാദത്തിനിടെ ഡ്രൈവറെ വെക്കാന്‍ പണമില്ലാതെ സ്വന്തമായി കാറോടിക്കാന്‍ പഠിച്ച് മുന്‍ എം.പി എം.ബി രാജേഷും കാര്‍ വില്‍ക്കാനൊരുങ്ങി മുന്‍ എം.പി പി.കെ ബിജുവും; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
രമ്യ ഹരിദാസ് എം.പിക്ക് കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കാന്‍ തീരുമാനിച്ച സംഭവം വിവാദമായ സാഹചര്യത്തില്‍ വൈറലായിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. രമ്യ ഹരിദാസിന്റെ ദാരിദ്ര്യം സോഷ്യല്‍ മീഡിയ ആഘോഷമാക്കുമ്പോള്‍ ഡ്രൈവറെ വയ്ക്കാന്‍ പണമില്ലാതെ സ്വന്തമായി ഡ്രൈവിംഗ് പഠിക്കുന്ന പാലക്കാട് മുന്‍ എം.പി എം.ബി രാജേഷിനെക്കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് കാര്‍ വില്‍ക്കാനൊരുങ്ങുന്ന ആലത്തൂര്‍ മുന്‍ എം.പി പി.കെ ബിജുവിനെക്കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകന്‍ രാജേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
രാജേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇപ്പോൾ കാറാണല്ലാ താരം.
കാറിന്റെ പിരിവുകാലത്ത് കാറിലേക്ക് തന്നെ വരാം.
കുറച്ചുദിവസം മുൻപ് ഒരു കാര്യത്തിന്റെ ക്ലാരിഫിക്കേഷന് MB രാജേഷിനെ ഒന്ന് വിളിക്കേണ്ടി വന്നു. എങ്ങനെയുണ്ട് എംപി അല്ലാത്ത ജീവിതം എന്നചോദ്യത്തിന് “നമുക്ക് തിരക്കൊഴിഞ്ഞ കാലമില്ലല്ലോ,പണ്ടത്തേതിൽ തിരക്കാ ഇപ്പൊ, നീ ഒരു കാര്യം ചെയ്യൂ വൈകിട്ട് വിളിക്കു എന്റെ ആശാൻ വന്നു, അയാൾക്കും എനിക്കും ഒരു മണിക്കൂറേ ഒഴിവുള്ളൂ” എന്നുംപറഞ്ഞ് ഠപ്പേ ന്നു ഫോൺ വച്ചു…
എന്നാലും ഏതാ ഈ ആശാൻ എന്ന് മാത്രം എനിക്ക് പിടികിട്ടിയില്ല…
എനിക്ക് കേട്ടത് തെറ്റിയതാവും അല്ലെങ്കിൽ ഏന്തെങ്കിലും പാർട്ടിക്കാരനാകും എന്ന് കരുതി…
വൈകിട്ട് വീണ്ടും വിളിച്ചു വിഷയവും ലോകകാര്യവും ഒക്കെ സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു ആരാ ആശാനേ രാവിലെ പറഞ്ഞ ആശാൻ….
“ഏത് ആശാൻ, ഞാൻ അങ്ങനെ എപ്പോ പറഞ്ഞു?”
ഒരു ചെറു ചിരിയോടെ ഒരു ഒരുളൽ ശ്രമം ഒക്കെ നടത്തി നമ്മുടെ ആശാൻ.
ഞാനുണ്ടോ വിടുന്നു
“ഇതിലെന്തോ കള്ളത്തരമുണ്ട്
മര്യാദയ്ക്ക് പറഞ്ഞോ ഇല്ലെങ്കിൽ ഞാൻ ആശാനെ കണ്ടെത്താൻ ആളെ ഇറക്കും” എന്ന ഭീഷണിക്കു വഴങ്ങിയിട്ടോ എന്തോ ചെറിയ ചമ്മലോടെ അദ്ദേഹം ആ രഹസ്യത്തിന്റെ ചുരുളഴിച്ചു.
“എടാ നിനക്കറിയാമല്ലോ സാമ്പത്തിക ഭദ്രതയുടെ കാര്യത്തിൽ ഞാൻ ഇത്തിരി പിന്നിലാണെന്ന്, ഇനി ഒരു ഡ്രൈവറെ വച്ച് മുന്നോട്ടു പോകാനാവില്ല, ബൈക്ക് ഇനി വഴങ്ങുമെന്നും തോന്നുന്നില്ല. അതുകൊണ്ട് ഞാൻ ഡ്രൈവിംഗ് പഠനം അങ്ങ് തുടങ്ങി ഒന്നുമല്ലെങ്കിലും ടൗണിൽ വരെ ആരെയും ആശ്രയിക്കാതെ പോകാമല്ലോ”
എന്തോ കുറ്റം ചെയ്ത കുട്ടിയുടെ കുമ്പസാരംപോലെയുള്ള നിങ്ങളുടെ വർത്തമാനം കേട്ടപ്പോൾ എന്റെ എംബിആറേ നിങ്ങളെന്റെ മുന്നിലുണ്ടായിരുന്നെങ്കിൽ നിങ്ങളെ ഞാനൊന്നു കെട്ടിപ്പിടിച്ചേനേ…
ഇതിലെന്താ ഇത്ര കാര്യമെന്ന് പുച്ഛിക്കാൻ വരട്ടെ, ഞാൻ ജീവിക്കുന്ന ഇംഗ്ലണ്ടിൽ ഇതൊരു സംഭവമേ ആകില്ല. ഇവിടെ മന്ത്രിയും എംപിയും ഒക്കെ സ്വന്തമായി കാറോടിച്ചാണ് നടക്കുന്നത്.
നാട്ടിലാണെങ്കിൽ മുൻപ് ഡ്രൈവ് ചെയ്തിരുന്ന ആളുകൾ ഒരു പക്ഷെ MLA സ്ഥാനമോ MP സ്ഥാനമോ വിട്ടതിനുശേഷം ഡ്രൈവ് ചെയ്തിട്ടുണ്ടാകാം, അതും അപൂർവ്വത്തിൽ അപൂർവമാണ്.
എന്നാൽ രാജേഷിനെ പ്പോലെ (MBR ന്റെ പഴയ ഡ്രൈവറുടെ പേരും രാജേഷ് എന്ന് തന്നെയാണ്)നല്ല ഒരു ചെറുപ്പക്കാരനെ മാസാമാസം ശമ്പളം കൊടുക്കാൻ ശേഷിയില്ലാതെ ഒഴിവാക്കി സ്വയം ഡ്രൈവ് ചെയ്യാൻ തീരുമാനിക്കുക എന്നത് തന്നെ എനിക്ക് വലിയ കാര്യമായാണ് തോന്നുന്നത്.
ഇത് നിങ്ങൾക്കേ കഴിയൂ, നിങ്ങൾക്കെന്ന് പറഞ്ഞാൽ ഒരു ഹൃദയ പക്ഷ എംപി ക്ക്.
മറ്റൊരാളുടെ അവസ്ഥകൂടി പറഞ്ഞാലേ കാർ കഥ പൂർണ്ണമാകൂ.
എംപി ആയിരുന്നപ്പോഴുള്ള കടം വീട്ടാൻ സ്വന്തം വണ്ടി വിൽക്കാൻ പോകുന്ന ആളെ അറിയുമോ?
എനിക്കൊരാളെ അറിയാം പേര് PK ബിജു. ഇവർക്ക് രണ്ടു പേർക്കും നല്ല കനത്തിൽ സർക്കാർ ശമ്പളം കിട്ടിയിരുന്നില്ലേ എന്ന മറു ചോദ്യം വരുമെന്നറിയാം. സിപിഎം എംപി മാർക്ക് ലഭിക്കുന്ന ശമ്പളത്തിൽ ഒരു വലിയ ശതമാനം പാർട്ടി ലെവിയായി കൊടുത്തതിനു ശേഷം ചുരുങ്ങി ജീവിക്കുന്നവരാണവർ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മറ്റ് അലവൻസുകൾ വെട്ടിക്കുറച്ചതാണ് ബിജുവിനെപ്പോലെയുള്ളവരെ വെട്ടിലാക്കിയത്.
മറ്റു ചില ആളുകൾ കാർ വാങ്ങുന്നതിൽ എനിക്കൊരു അഭിപ്രായവ്യത്യാസവും ഇല്ലെന്നു കൂടി വ്യക്തമാക്കട്ടെ.
ഓഡിറ്റിംഗ് കമ്മ്യൂണിസ്റ്റ്കാർക്ക് മാത്രമുള്ളതാണെന്ന് ആർക്കാണ് അറിയാത്തത് …!
ഒരു തിരഞ്ഞെടുപ്പ് തോറ്റാൽ ….
ചിലർ പെട്ടെന്ന് വിസ്മൃതിയിലാകും
ചിലർ പൊതുരംഗത്തുനിന്നേ അപ്രത്യക്ഷരാകും
വേറേ ചിലർ അടുത്ത പാർട്ടി പിടിക്കും
നിങ്ങളെ ഓർത്തഭിമാനമാണ് സഖാക്കളേ
അഴിമതി നടത്തി സമ്പാദിച്ചുകൂട്ടി എന്ന് പേരുകേൾപ്പിക്കാതെ, വീണ്ടും പൂർവാധികം ശക്തമായി ജനങ്ങൾക്കിടയിലേക്ക് ചേർന്ന്, അവരിൽ ഒരാളായി അലിഞ്ഞു നിൽക്കുന്നതിന് …!
നിങ്ങളാവാൻ നിങ്ങൾക്കേ കഴിയൂ …
നിങ്ങൾക്കു മാത്രം…
കാരണം നിങ്ങൾ ജനങ്ങളുടെ പക്ഷത്താണ്
ഹൃദയപക്ഷത്താണ് …!