നിപ രോഗബാധയില്‍ ആശ്വാസം,17 പേരുടേയും പരിശോധനാഫലം നെഗറ്റീവ്
മലപ്പുറം: മലപ്പുറത്തെ നിപ ആശങ്ക ഒഴിയുന്നുവെന്ന ശുഭസൂചന നല്‍കി നെഗറ്റീവ് ഫലങ്ങള്‍. നിപ രോഗബാധയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പുറത്തുവന്ന 17 സ്രവ പരിശോധനാഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സമ്പര്‍ക്കപ്പട്ടികയിലുള്ള 19 പേരുടെ സാമ്പിളുകള്‍കൂടി തിങ്കളാഴ്ച പരിശോധനയ്ക്കയക്കും. നിലവില്‍ നിയന്ത്രണമുള്ള പാണ്ടിക്കാട്, ആനയ്ക്കയം പഞ്ചായത്തുകളില്‍ നിരീക്ഷണം തുടരും. വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ഈ പ്രദേശങ്ങളിൽ നടക്കുന്നത്. നിലവില്‍ 406 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് . ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടുപേരും ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇത് തെറ്റായ പ്രവണതയാണെന്നും തമിഴ്‌നാടുമായി ആശയവിനിമയം നടത്തിയതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.നിപയുമായി ബന്ധപ്പെട്ട് സമൂഹികമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്‍റീനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ഇവിടെ പരിശോധിക്കാനാകും.
വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവസാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതകപരിശോധന നടത്തും. വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായി രോഗബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിച്ച് ഭോപാലില്‍ നിന്നുള്ള വിദഗ്ധസംഘത്തിന് കൈമാറുന്നുണ്ട്.