യുദ്ധ സൂചന നല്‍കി ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; ആശങ്കയുടെ മുള്‍മുനയില്‍ ലോകം
ടെഹ്‌റാന്‍: ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദില്‍ കൊലപ്പെടുത്തിയതിനു പിന്നാലെ യുദ്ധ സൂചന നല്‍കി ഇറാന്‍. ഇറാനിലെ പ്രധാന മസ്ജിദിന് മുകളില്‍ ചെങ്കൊടി പതാക ഉയര്‍ന്നു. ഇറാന്റെ പാരമ്പര്യം അനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
സുലൈമാനിയുടെ മരണത്തില്‍ കനത്ത പ്രതിഷേധമാണ് ഇറാനില്‍ നടന്നു വരുന്നത്. അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ പ്രതികാരവും തിരിച്ചടിയും സംബന്ധിച്ചു പല അഭ്യൂഹങ്ങള്‍ ഉണ്ട്. രാഷ്ട്രീയനീക്കങ്ങള്‍ മുതല്‍ ഒളിയാക്രമണങ്ങളും സൈബര്‍ ആക്രമണങ്ങളും വരെ ഉണ്ടാകാമെന്നാണ് ആശങ്ക. അറബ് മാധ്യമപ്രവര്‍ത്തകനും, എഴുത്തുകാരനുമായ ഹസന്‍ ഹസന്‍ ആണ് യുദ്ധ സൂചനയാണിതെന്ന കുറിപ്പോടെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ വീഡിയോയും ഹസന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നന്ദി ഹാജി ഖാസിം, നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിച്ചില്ലെന്ന മുദ്രാവാക്യം മുഴക്കുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യമാണ് ട്വിറ്ററില്‍ അദേഹം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ഇറാനു മുന്നറിയിപ്പുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കന്‍ പൗരന്മാരെ ‘ടെഹ്റാന്‍’ ആക്രമിച്ചാല്‍ ഇറാന്റെ 52 തന്ത്രപ്രധാന മേഖലകള്‍ക്കു നേരെ തിരിച്ചടിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ‘വളരെ വേഗത്തിലും വളരെ ശക്തമായും’ തിരിച്ചടിയുണ്ടാകുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.