KeralaNews

റെഡ് അലെർട്ട് :എറണാകുളം ജില്ലയിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി

എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ജില്ലയെ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിൻ്റെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താലൂക് തലത്തിൽ ഇൻസിഡന്റ് റെസ്പോൺസ് ടീമിന്റെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും ഓറഞ്ച് പുസ്തകത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ വീഴ്ചയും കൂടാതെ പിന്തുടരാനും ജില്ലാ കളക്ടർ എസ് സുഹാസ് തഹസീൽദാർമാർക്ക് നിർദേശം നൽകി. എൻഡിആർഎഫിൻ്റെ സഹായം വേണ്ടിവരുന്ന സ്ഥലങ്ങളിൽ അത് തേടാൻ എല്ലാ തഹസിൽദാർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

പോലീസ്, താലൂക്ക്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂർ പ്രവർത്തനം ഉറപ്പാക്കണം. തടസ്സമില്ലാത്ത ആശയവിനിമയ സംവിധാനങ്ങൾ ഉറപ്പ് വരുത്താൻ ബിഎസ്എൻഎല്ലിനും പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീൽഡ് ലെവൽ ഡിസാസ്റ്റർ മാനേജ്മെന്റിനായി മെഡിക്കൽ ടീമുകൾ തയ്യാറായിരിക്കാനും പകർച്ചവ്യാധി തടയുന്നതിനുള്ള നിയന്ത്രണ നടപടികൾ ഉറപ്പാക്കാനും ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

വില്ലേജ് ഓഫീസർമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ക്വാറി പ്രദേശത്ത് കുറഞ്ഞത് 24 മണിക്കൂർ മഴയില്ലാത്ത സാഹചര്യം ഉണ്ടാക്കുന്നത് വരെ ക്വാറി സ്ഫോടനം നിരോധിക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് നിർദ്ദേശം നൽകി. അടിയന്തിര സാഹചര്യം ഉണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.

മൂന്ന് മണിക്കൂറിനുള്ളിൽ ജില്ലയിലെ എല്ലാ നദികളുടെ ജലനിരപ്പ് നിരീക്ഷിക്കാനും ജലനിരപ്പ് ഉയരുകയാണെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ വേണ്ട നടപടി എടുക്കാൻ ഇറിഗേഷൻ വകുപ്പിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും ജില്ലാ കളക്ടർ നിർദ്ദേശം നൽകി . മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഗതാഗതം നിരോധിക്കാനും എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button