CricketSports

T20 World Cup 2024:ലോകകപ്പിലെ മികച്ച പ്രകടനം കലാശക്കൊട്ടിനായി മാറ്റിവെച്ച് കോലി,തല ഉയര്‍ത്തി ഇനി കിംഗിന് മടങ്ങാം

ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ മോശം ബാറ്റിങ് ഫോം മറികടന്ന് വിരാട് കോലി. ഫൈനലില്‍ തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയുടെ ഇന്നിങ്‌സായിരുന്നു. 59 പന്തുകള്‍ നേരിട്ട കോലി രണ്ട് സിക്‌സും ആറ് ഫോറുമടക്കം 76 റണ്‍സെടുത്തു. മൂന്നിന് 34 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് മികച്ച സ്‌കോറിലെത്തിച്ചതും കോലിതന്നെ. നിര്‍ണായകമായ 72 റണ്‍സാണ് ഈ സഖ്യം ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്.

സെമി ഫൈനലിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതീക്ഷയര്‍പ്പിച്ചതുപോലെ കോലി തന്റെ മികച്ച പ്രകടനം ഫൈനലിലേക്ക് കാത്തുവെയ്ക്കുകയായിരുന്നു.

ഇതോടെ ടി20 ലോകകപ്പ് ഫൈനലില്‍ രണ്ടുതവണ അര്‍ധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും കോലിക്ക് സ്വന്തമായി. വെസ്റ്റിന്‍ഡീസിന്റെ മാര്‍ലോണ്‍ സാമുവല്‍സും ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുമാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവര്‍. 2014 ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലും കോലി അര്‍ധസെഞ്ചുറി നേടിയിരുന്നു. മിര്‍പുരില്‍ നടന്ന ഫൈനലില്‍ 58 പന്തില്‍ 77 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. പക്ഷേ, ഫൈനലില്‍ ഇന്ത്യ തോറ്റു.

ഐസിസി ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്നയാളായിരുന്നു വിരാട് കോലി. 2014 സെമിയില്‍ 44 പന്തില്‍ പുറത്താകാതെ 72 റണ്‍സും 2016 ലോകകപ്പ് സെമിയില്‍ 47 പന്തില്‍ പുറത്താകാതെ 89 റണ്‍സും കഴിഞ്ഞ തവണ (2022) ഇംഗ്ലണ്ടിനെതിരേ 40 പന്തില്‍ 50 റണ്‍സും നേടിയ താരമാണ് കോലി. എന്നാല്‍, ഇത്തവണ സെമി വരെ കോലിക്ക് ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്‍കാനായിരുന്നില്ല. ഫൈനലിനു മുമ്പുള്ള ഏഴ് കളികളില്‍നിന്ന് നേടാനായത് 75 റണ്‍സ് മാത്രമായിരുന്നു. ഇതില്‍തന്നെ അഞ്ച് കളികളില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞതുമില്ല.

ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കംതന്നെ പതറി. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കേ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കി. പിന്നാലെ നായകന്‍ എയ്ഡന്‍ മാര്‍ക്രവും മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ മാര്‍ക്രത്തെ വിക്കറ്റ് കീപ്പര്‍ പന്ത് കൈയ്യിലൊതുക്കി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്ക 12-2 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡി കോക്കും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. സ്പിന്നര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്‌കോര്‍ അമ്പത് കടത്തി. വൈകാതെ കൂട്ടുകെട്ടും അമ്പത് കടന്നു. എന്നാല്‍ 70 ല്‍ നില്‍ക്കേ ഈ കൂട്ടുകെട്ട് പൊളിച്ച് അക്ഷര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. 21 പന്തില്‍ നിന്ന് 31 റണ്‍സെടുത്താണ് സ്റ്റബ്‌സ് മടങ്ങിയത്. പിന്നാലെ ഹെന്റിച്ച് ക്ലാസനിറങ്ങി. ക്ലാസനുമായി ചേര്‍ന്നാണ് ഡി കോക്ക് പിന്നീട് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. പത്തോവറില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ്് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലായിരുന്നു. ക്ലാസനും ട്രാക്കിലായതോടെ പ്രോട്ടീസ് സ്‌കോര്‍ 12-ാം ഓവറില്‍ നൂറുകടന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും ഡി കോക്ക് മാറി. എന്നാല്‍ ഡി കോക്കിനെ പുറത്താക്കി ഇന്ത്യയ്ക്ക് നിര്‍ണായകമായ ബ്രേക്ക്ത്രൂ നല്‍കാന്‍ അര്‍ഷ്ദീപിനായി. 31 പന്തില്‍ നിന്ന് 39 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം. പ്രോട്ടീസ് 106-4 എന്ന നിലയില്‍. എന്നാല്‍ ക്ലാസനും മില്ലറും അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. വെടിക്കെട്ടോടെ ഇരുവരും ചേര്‍ന്ന് 15 ഓവറില്‍ ടീമിനെ 147 ലെത്തിച്ചു. പിന്നെ കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. 17-ാം ഓവറില്‍ ക്ലാസനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നല്‍കി. 27 പന്തില്‍ നിന്ന് 52 റണ്‍സെടുത്താണ് താരം മടങ്ങിയത്. മൂന്നോവറില്‍ 22 റണ്‍സായി ലക്ഷ്യം. അടുത്ത ഓവറില്‍ ബുംറ യാന്‍സന്റെ വിക്കറ്റെടുത്തു. പിന്നാലെ രണ്ടോവറില്‍ 20 റണ്‍സ് ലക്ഷ്യം. അര്‍ഷ്ദീപിന്റെ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. അതോടെ അവസാന ഓവറില്‍ 16 റണ്‍സ് ലക്ഷ്യം. ഹാര്‍ദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ മില്ലര്‍ മടങ്ങി. സൂര്യകുമാറിന്റെ സൂപ്പര്‍ ക്യാച്ചില്‍ കളി മാറി. ഒടുക്കം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബംറയും അര്‍ഷ്ദീപും രണ്ട് വീതം വിക്കറ്റെടുത്തു.

നേരത്തേ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 176 റണ്‍സെടുത്തു. കോലിയുടേയും അക്ഷര്‍ പട്ടേലിന്റേയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ടൂര്‍ണമെന്റിലിന്നുവരെ നിരാശപ്പെടുത്തിയ കോലി കലാശപ്പോരില്‍ ക്ലാസ് ഇന്നിങ്‌സുമായി നിറഞ്ഞുനിന്നു.

ബാര്‍ബഡോസില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. പതിവുപോലെ വിരാട് കോലിയും നായകന്‍ രോഹിത് ശര്‍മയും മൈതാനത്തിറങ്ങി. മാര്‍കോ യാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ആക്രമിച്ച് കളിച്ചു. ആദ്യ ഓവറില്‍ 15 റണ്‍സാണ് ഇന്ത്യ നേടിയത്. ഓവറില്‍ കോലി മൂന്ന് ഫോറുകള്‍ നേടി. ഇന്ത്യയുടെ നയം വ്യക്തമായിരുന്നു. എന്നാല്‍ പേസര്‍മാരെ പ്രഹരിക്കുകയെന്ന തന്ത്രത്തിന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ്ഡന്‍ മാര്‍ക്രം മറുതന്ത്രമൊരുക്കി. രണ്ടാം ഓവറില്‍ തന്നെ സ്പിന്നര്‍ കേശവ് മഹാരാജിനെ പന്തേല്‍പ്പിച്ചു. അത് മഹാരാജ് ഭംഗിയായി നടപ്പിലാക്കുകയും ചെയ്തു. ആ ഓവറില്‍ രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്.

നാലാം പന്തില്‍ രോഹിത് പുറത്തായി. അഞ്ച് പന്തില്‍ നിന്ന് ഒമ്പത് റണ്‍സെടുത്ത രോഹിത് ക്ലാസന്റെ കൈകളിലൊതുങ്ങി. പിന്നാലെ പന്തും മടങ്ങിയതോടെ ഇന്ത്യ പകച്ചു. ഓവറിലെ അവസാന പന്തില്‍ ഷോട്ടിന് ശ്രമിച്ച പന്തിന് പിഴച്ചു. മുകളിലോട്ട് ഉയര്‍ന്ന പന്ത് വിക്കറ്റ് കീപ്പര്‍ ഡി കോക്ക് കൈയ്യിലാക്കി. ഇന്ത്യ 23-2 എന്ന നിലയിലായി. സൂര്യകുമാര്‍ യാദവും കോലിയും പതിയെ സ്‌കോറുയര്‍ത്താനാരംഭിച്ചു. എന്നാല്‍ സൂര്യകുമാറിനും അധികനേരം പിടിച്ചുനില്‍ക്കാനാവാതെ വന്നു. റബാദ എറിഞ്ഞ അഞ്ചാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച സൂര്യകുമാറിന് പിഴച്ചു. ഹെന്റിച്ച് ക്ലാസന്‍ കിടിലന്‍ ക്യാച്ചിലൂടെ സൂര്യകുമാറിനെ മടക്കിയതോടെ ഇന്ത്യ 34-3 എന്ന നിലയിലായി. എന്നാല്‍ വിക്കറ്റുകള്‍ വീഴുമ്പോഴും ശ്രദ്ധയോടെ ബാറ്റേന്തി കോലി ഇന്ത്യയെ കരകയറ്റാന്‍ തുടങ്ങി.

പിന്നീട് അക്ഷര്‍ പട്ടേലാണ് ക്രീസിലിറങ്ങിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എട്ടാം ഓവറില്‍ അമ്പത് കടത്തിയ ഇരുവരും പിന്നാലെ സ്‌കോറിങ്ങിന് വേഗത കൂട്ടി. അക്ഷര്‍ പട്ടേല്‍ മാര്‍ക്രത്തേയും മഹാരാജിനേയും അതിര്‍ത്തികടത്തി. കോലി ആങ്കര്‍ റോളിലേക്ക് തിരിഞ്ഞതോടെ മത്സരത്തിലേക്ക് ഇന്ത്യ സുന്ദരമായി തിരിച്ചുവന്നു. പത്തോവര്‍ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ടീം 75 റണ്‍സിലെത്തി.

നാലാം വിക്കറ്റില്‍ കോലിയും അക്ഷറും ചേര്‍ന്ന് പ്രോട്ടീസ് സംഘം ഒരുക്കിവെച്ച തന്ത്രങ്ങളെ വിദഗ്ദമായി പൊളിച്ചെഴുതുന്നതാണ് പിന്നീട് കണ്ടത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മാറി മാറി പന്തെറിഞ്ഞിട്ടും ഇരുവരും പിടികൊടുത്തില്ല. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അമ്പത് റണ്‍സ് കടന്നു. വൈകാതെ പതിനാലാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറും കടന്നു. റബാദ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്‌സറടിച്ചാണ് അക്ഷര്‍ ടീമിനെ നൂറുകടത്തിയത്. എന്നാല്‍ ഓവറിലെ മൂന്നാം പന്തില്‍ അക്ഷര്‍ റണ്ണൗട്ടായി മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷറിനെ കിടിലന്‍ ത്രോയിലൂടെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് കൂടാരം കയറ്റി. 31-പന്തില്‍ നിന്ന് ഒരു ഫോറിന്റേയും നാല് സിക്‌സറുകളുടേയും അകമ്പടിയോടെ 47 റണ്‍സെടുത്താണ് താരം മടങ്ങിയത്.

പിന്നാലെയിറങ്ങിയ ശിവം ദുബെയും വെടിക്കെട്ടോടെ സ്‌കോറുയര്‍ത്തി. കോലി അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 17 ഓവറില്‍ 134-4 എന്ന നിലയിലെത്തി. 18-ാം ഓവറില്‍ കോലിയുടെ സിക്‌സും ഫോറുമടക്കം ടീം 16 റണ്‍സെടുത്തു. 18-ഓവറില്‍ 150 റണ്‍സ്. 19-ാം ഓവറിലും യാന്‍സനെ അടിച്ചുപറത്തിയ കോലി സ്‌കോറുയര്‍ത്തി. അഞ്ചാം പന്തില്‍ കോലി പുറത്തായി. 59-പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സുമടക്കം 76 റണ്‍സാണ് കോലിയെടുത്തത്. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.

ശിവം ദുബെ 16 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ രണ്ട് റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു. കേശവ് മഹാരാജും ആന്റിച്ച് നോര്‍ക്യേയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker