‘കാതൽ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ വിളിച്ചു’ സ്വവർഗാനുരാഗിയുടെ വാക്കുകൾ, ഏറ്റെടുത്ത് സിനിമാ ലോകം
ചെന്നൈ:സമീപകാലത്ത് റിലീസ് ചെയ്യപ്പെട്ട് ഏറെ ചർച്ചകൾക്ക് വഴിവച്ച മലയാള സിനിമയാണ് ‘കാതൽ ദ കോർ’. സ്വവർഗാനുരാഗികളുടെയും ചുറ്റുമുള്ളവരുടെയും കഥ പറഞ്ഞ ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു നായകൻ. മമ്മൂട്ടിയെ പോലൊരു സൂപ്പർ സ്റ്റാർ ഇത്തരമൊരു കഥാപാത്രം ചെയ്തു എന്നതായിരുന്നു കാതലിന്റെ ഏറ്റവും വലിയ വിജയം.
2023 നവംബറിൽ തിയറ്ററിൽ എത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയതോടെ സമൂഹമാധ്യമങ്ങളിലെങ്ങും താരം ഈ മമ്മൂട്ടി സിനിമ തന്നെ. നിരവധി പേരാണ് സംവിധായകൻ ജിയോ ബേബിയെയും അഭിനേതാക്കളെയും പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തിൽ ഒരു സ്വവർഗാനുരാഗിയായ യുവാവിന്റെ പോസ്റ്റ് വൈറൽ ആകുകയാണ്.
തമിഴ്നാട് സ്വദേശിയായ ശ്രീ കൃഷ്ണയുടേതാണ് പോസ്റ്റ്. “എന്റെ അമ്മ കാതൽ ദ കോർ കണ്ടെന്നെ വിളിച്ചു. ഏതാനും നിമിഷങ്ങൾ ആശ്വസിപ്പിക്കാനാകാത്ത വിധമായിരുന്നു അവർ. ശേഷം പൊട്ടിക്കരഞ്ഞു. എന്നിട്ട് പറഞ്ഞു “അച്ഛൻ മാത്യുവിനോട് ചെയ്ത തെറ്റ് ഞാൻ ചെയ്യില്ല”..അതാണ് ശരിക്കും പ്രധാനം.
ഈ സിനിമ എന്റെ അമ്മയ്ക്ക് മനസ്സിലാക്കി കൊടുത്തു. ജിയോ ബേബി ഒരുപാട് നന്ദി”, എന്നാണ് ഇയാൾ കുറിച്ചത്. ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളും പിന്തുണയുമായും രംഗത്ത് എത്തിയത്. മറ്റൊരു സിനിമ കണ്ടും താന്‍ ഇത്രയധികം കരഞ്ഞിട്ടില്ലെന്നും കൃഷ്ണ കുറിക്കുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിച്ച സിനിമയാണ് കാതല്‍ ദ കോര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചത്. തിയറ്ററുകളില്‍ അന്‍പത് ദിവസത്തിലേറെ പൂര്‍ത്തിയാക്കിയ കാതല്‍, ഒടിടിയില്‍ എത്തുക ആയിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ്.