കുളത്തില്‍ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു; ഇരുട്ടില്‍ തപ്പി പോലീസ്
ചിറ്റൂര്‍: കുളത്തില്‍ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ ദൂരത ഒഴിയുന്നില്ല. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ കൈപ്പത്തിയാണ് കുളത്തില്‍ കണ്ടെത്തിയതെന്നാണ് പോലീസ് നിഗമനം. എന്നാല്‍ യുവാവിന്റെ മൊഴിയെടുക്കാന്‍ സാധിക്കാത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റ നിലയില്‍ എത്തിച്ച പള്ളിപ്പുറം കെ.മോഹന (38) ന്റെ കൈപ്പത്തിയാണ് കുളത്തില്‍ കണ്ടെത്തിയതെന്നാണ് സൂചന. ജനുവരി 10ന് രാത്രി മരുതുംപള്ളത്ത് വെച്ചാണ് മോഹനന്‍ അപകടത്തില്‍പ്പെട്ടത്. അബോധാവസ്ഥയില്‍ കിടന്ന മോഹനനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ വലത് കൈ മുറിഞ്ഞു പോയ അവസ്ഥയിലായിരുന്നു.
അപകടം നടന്നതിന് സമീപത്തെല്ലാം കൈപ്പത്തി തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടം നടന്നതിന് അരക്കിലോമീറ്ററോളം അപ്പുറത്തുള്ള കുളത്തില്‍ നിന്നാണ് ഇപ്പോള്‍ കൈപ്പത്തി കണ്ടെത്തിയിരിക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ വരുന്ന മോഹനന്‍ കോയമ്പത്തൂരില്‍ ഒരു വര്‍ക്ഷോപ്പിലാണ് ജോലി ചെയ്യുന്നത്. മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു ദിവസം കഴിഞ്ഞ ശേഷമാണ് കൈ കണ്ടെത്തിയത്.
മോഹനന്റെ മൊഴി എടുക്കാതെ കൈ മുറിഞ്ഞ സംഭവത്തില്‍ വ്യക്തത ഉണ്ടാവില്ലെന്നാണ് പോലീസ് പറയുന്നത്. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണോ കൈപ്പത്തി മുറിഞ്ഞത് അതോ ആരെങ്കിലും മോഹനനെ ആക്രമിച്ചപ്പോഴാണോ കൈ മുറിഞ്ഞത് എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാകാന്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ഇതില്‍ ഏറ്റവും നിര്‍ണായകമാകുന്നത് മോഹനന്റെ മൊഴിയാണ്. മോഹനന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കാനാണ് പോലീസിന്റെ ശ്രമം.