മുംബൈ:റിയൽമി 10 പ്രോ പ്ലസ് 5ജി, റിയൽമി പ്രോ 5ജി ( Realme 10 Pro+ 5G, Realme 10 Pro 5G ) ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേകൾ, 16 മെഗാപിക്‌സൽ സെൽഫി ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. രണ്ട് സ്മാർട് ഫോണുകളും കഴിഞ്ഞ മാസമാണ് ചൈനയിൽ അവതരിപ്പിച്ചത്.
റിയൽമി 10 പ്രോ 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് വില 25,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയുമാണ്. റിയൽമി 10 പ്രോ 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയുമാണ് വില.
രണ്ട് റിയൽമി സ്മാർട് ഫോണുകളും ഡാർക്ക് മാറ്റർ, ഹൈപ്പർസ്‌പേസ്, നെബുല ബ്ലൂ കളർ വേരിയന്റുകളിലാണ് വരുന്നത്. ഇവ ഫ്ലിപ്കാർട്ട്, റിയൽമി ഡോട്ട് കോം, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വിൽപനയ്‌ക്കെത്തും. റിയൽമി 10 പ്രോ പ്ലസ് 5ജി ഡിസംബർ 14നും റിയൽമി 10 പ്രോ 5ജി ഡിസംബർ 16നും വാങ്ങാം.
ഡ്യുവൽ സിം (നാനോ-സിം) സ്ലോട്ടുള്ള റിയൽമി 10 പ്രോ പ്ലസ് 5ജി ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 2,160Hz PWM ഡിമ്മിങ്ങുമുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. എച്ച്ഡിആർ10+ പിന്തുണ, 93.65 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 5000000:1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവയും ഡിസ്‌പ്ലേ ഫീച്ചറുകളാണ്. ഒക്ടാ കോർ 6എൻഎം മീഡിയടെക് ഡിമെൻസിറ്റി 1080 5ജി പ്രോസസർ, മാലി ജി68 ജിപിയു, 8ജിബി വരെ LPDDR4X റാം എന്നിവയാണ് സ്മാർട് ഫോണിന്റെ കരുത്ത്. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ മെമ്മറി 16ജിബി വരെ വികസിപ്പിക്കാനും കഴിയും.
റിയൽമി 10 പ്രോ പ്ലസ് 5ജിയ്ക്ക് 108 മെഗാപിക്സൽ സാംസങ് HM6 പ്രൈമറി ക്യാമറ ഉള്‍പ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ക്യാമറ യൂണിറ്റിൽ 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസറും 4സിഎം മാക്രോ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 16 മെഗാപിക്സലിന്റെ ക്യാമറയും ഉണ്ട്.
ഇതിൽ 256 ജിബി വരെ UFS 2.2 സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. റിയൽമി 10 പ്രോ പ്ലസ് 5ജി ഡ്യുവൽ-ബാൻഡ് വൈ-ഫൈ പിന്തുണയോടെയാണ് വരുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു. 67W സൂപ്പർവൂക് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. കേവലം 47 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. 17 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാര്‍ജ് ചെയ്യാം.
റിയൽമി 10 പ്രോ പ്ലസ് 5ജി യിലെ അതേ സിം, സോഫ്‌റ്റ്‌വെയർ ഫീച്ചറുകളുമാണ് റിയൽമി 10 പ്രോ 5ജിയിലും അവതരിപ്പിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിങ് റേറ്റ്, 93.76 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയുള്ള 6.72 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080x 2,400പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ് സ്‌മാർട് ഫോണിനുള്ളത്. ഡിസ്‌പ്ലേയ്ക്ക് 1എംഎം സൈഡ് ബെസലുകൾ ഉണ്ട്. 391ppi പിക്‌സലാണ് ഡെൻസിറ്റി. അഡ്രിനോ എ619 ജിപിയു, 8ജിബി LPDDR4X റാം എന്നിവയുമായി ജോടിയാക്കിയ 6എൻഎം സ്‌നാപ്ഡ്രാഗൺ 695 5ജി ആണ് പ്രോസസർ. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് 16 ജിബി വരെ റാം വികസിപ്പിക്കാം.
108 മെഗാപിക്സൽ സാംസങ് എച്ച്എം6 പ്രൈമറി സെൻസറും 2 മെഗാപിക്സൽ പോർട്രെയ്റ്റ് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിനുള്ളത്. മുൻവശത്ത് 16 മെഗാപിക്സൽ സെൻസറും ഉണ്ട്. സ്റ്റോറേജിന്റെ കാര്യത്തിൽ റിയൽമി 10 പ്രോ 5ജി 128ജിബി വരെ യുഎഫ്എസ് 2.2 ഓൺബോർഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. ഇത് മൈക്രോ എസ്ഡി കാർഡ് വഴി (1ടിബി വരെ) വികസിപ്പിക്കാം. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്. 33W സൂപ്പർവൂക് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഹാൻഡ്‌സെറ്റിന്റെ മറ്റൊരു പ്രധാന ഫീച്ചർ. ഇത് 20 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാം.