26.7 C
Kottayam
Wednesday, April 24, 2024

വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു; മെഡി.കോളേജ് ആശുപത്രിയിൽ വീണ്ടും അവിശ്വസനീയ ശസ്ത്രക്രിയ

Must read

തിരുവനന്തപുരം: എയർഗണ്ണിൽ നിന്നും അബദ്ധത്തിൽ വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയിൽ തറച്ച യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ മരണത്തിൽ നിന്നും രക്ഷിച്ചു. ശരീരത്തിനുള്ളിൽ കടന്ന ഫോറിൻ ബോഡി അഥവാ അന്യ വസ്തുവിനെ പുറത്തെടുക്കാൻ അതിസൂക്ഷ്മവും സങ്കീർണവുമായ ശസ്ത്രക്രിയ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്നത്. വർക്കല സ്വദേശിയായ 36 കാരനെയാണ് ഇത്തവണ വെടിയുണ്ട തലയോട്ടിയിൽ തറച്ച നിലയിൽ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. എയർഗൺ തുടച്ചു വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയും വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയ്ക്കടിയിൽ മെഡുലയ്ക്ക് മുന്നിലായി തറച്ചിരിക്കുകയായിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിനെ അഡീഷണൽ പ്രൊഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ എം എസ് ഷർമ്മദിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. മൈക്രോസ്കോപ്പ്, സി ആം എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ വായിലൂടെ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ന്യൂറോ സർജറി വിഭാഗത്തിലെ ഡോ അഭിഷേക്, ഡോ രാജ് എസ് ചന്ദ്രൻ, ഡോ ദീപു, ഇ എൻ ടി വിഭാഗത്തിലെ ഡോ നിഖില, ഡോ മുബിൻ, ഡോ ലെമിൻ, ഡോ ഷാൻ, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ ഉഷാകുമാരി, ഡോ ജയചന്ദ്രൻ, ഡോ നരേഷ്, ഡോ ഗായത്രി, ഡോ രാഹുൽ, നേഴ്സുമാരായ ബ്ലെസി, സിന്ധു തീയേറ്റർ ടെക്നീഷ്യൻ ജിജി, സയന്റിഫിക് അസിസ്റ്റൻറ് റിസ് വി, തീയേറ്റർ അസിസ്റ്റന്റുമാരായ നിപിൻ, വിഷ്ണു എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.
ഏതാനും ദിവസം മുമ്പ് ഭക്ഷണത്തിലൂടെ നേരിയ ഇരുമ്പ് കമ്പി ഉള്ളിൽ കടന്ന നിലയിൽ ആശുപത്രിയിലെത്തിയ മറ്റൊരു യുവാവിനെ കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടർമാർ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയതും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ യശസ് ഉയർത്തിയ സംഭവമാണ്. വികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാരംഗത്തെ ഇത്തരം നേട്ടങ്ങൾ ജനങ്ങളുടെ വിശ്വാസം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ്.
2 ശസ്ത്രക്രിയയ്ക്കു ശേഷം വെടിയുണ്ട പുറത്തെടുത്തപ്പോൾ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week