ചെങ്ങന്നൂര്‍:ടാപ്പ് ജലത്തിലൂടെ അടുക്കളയിലെ പാത്രത്തിലെത്തിയത് അപൂര്‍വ്വ മത്സ്യം.ചെങ്ങന്നൂര്‍ ഇടനാട് ജെ.ബി.എസ് അധ്യാപിക ചന്ദനപ്പള്ളില്‍ നീന രാജനാണ് അപൂര്‍വ്വ മത്സ്യത്തെ ലഭിച്ചത്. കിണറ്റിലെ വെള്ളത്തില്‍ നിന്നും ടാപ്പിലൂടെയാണ് മത്സ്യമെത്തിയത്.
ഹൊറഗ്ലാനിസ് ജനുസ്സില്‍പ്പെട്ട ഭൂഗര്‍ഭ മത്സ്യമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തമാകൂ. ചുവന്ന നിറത്തിലുള്ള മത്സ്യത്തിന്റെ മുതുകില്‍ എഴുന്ന് നില്‍ക്കുന്ന ചിറകുകളുണ്ട്. കാഴ്ചയില്ലാത്ത മത്സ്യം ഭൂമിയുടെ ഉള്ളറകളില്‍ ശുദ്ധജലം നിറഞ്ഞ സ്ഥലങ്ങളിലാകും ജീവിക്കുകയെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ആഴമേറിയ കിണറുകളിലേക്ക് ഇവ എത്താനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം പ്രളയം ശക്തമായി അനുഭവപ്പെട്ട പ്രദേശമാണ് ഇടനാട്. പ്രളയത്തെ തുടര്‍ന്ന് സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിയതാകാം ഈ മത്സ്യം എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഈയിടെ തിരുവല്ലയില്‍ വരാല്‍ ഇനത്തില്‍പ്പെട്ട അപൂര്‍വ ഇനം ഭൂഗര്‍ഭമത്സ്യത്തെ കണ്ടെത്തിയിരുന്നു. തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് വരാല്‍ ഇനത്തില്‍പ്പെടുന്ന ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസ് (എന്‍.ബി.എഫ്.ജി.ആര്‍.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് പുതിയയിനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. വരാല്‍ വിഭാഗത്തില്‍പെട്ട ഈ മത്സ്യത്തിന് ‘എനിഗ്മചന്ന മഹാബലി’ എന്നാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം. ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോടു കൂടിയ ചെറിയ മത്സ്യമാണിത്. കേരളത്തില്‍ 300ലധികം ശുദ്ധജലമത്സ്യങ്ങളുണ്ട്. ഇതില്‍ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്. എന്നാല്‍, ഭൂഗര്‍ഭജലാശലയങ്ങളില്‍ കണ്ടെത്തപ്പെടാതെ ഇനിയും മത്സ്യങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം.