കൊച്ചിയില്‍ വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് വന്നയാള്‍ യുവതിയെ പീഡിപ്പിച്ചു; നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയതായി പരാതി
കൊച്ചി: വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് വന്നയാള്‍ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടിയതായി യുവതിയുടെ പരാതി. പ്രവാസിയായ കൊച്ചി സ്വദേശിനിയാണ് വൈക്കം കാട്ടിക്കുന്നിലുള്ള 45കാരനെതിരെ പരാതിയുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് പീഡനം ഉണ്ടായത്. വീടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ വൈക്കം സ്വദേശിയുമായി യുവതി പരിചയത്തിലായി. ഒരു ദിവസം മറ്റാരുമില്ലാത്ത സമയം വീട്ടിലെ മുറിയില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടുകയായിരുന്നെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും പ്രതി തട്ടിയെടുത്തു. ഒരിക്കല്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചെന്നും നിലത്തുവീണപ്പോള്‍ അടിവയറ്റില്‍ തൊഴിച്ചു. തുടര്‍ന്ന് രക്തസ്രാവമുണ്ടായപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് എളമക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസിന്റെ അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയത്.