രാഖിയുടെ ചെരുപ്പും കുഴിയെടുക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി
വെള്ളറട: വിവാദമായ രാഖി വധക്കേസില്‍ പ്രതികളായ അഖില്‍, രാഹുല്‍, ആദര്‍ശ് എന്നിവരെ അമ്പൂരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം കാറിന്റെ സീറ്റിനോട് ചേര്‍ത്ത് കെട്ടിവയ്ക്കാനുപയോഗിച്ച കയറും, രാഖി ധരിച്ചിരുന്ന ചെരുപ്പും കുഴിയെടുക്കാനുപയോഗിച്ച സാധനങ്ങളും കണ്ടെടുത്തു. നാട്ടുകാരുടെ പ്രതിഷേധം കാരണം കഴിഞ്ഞ ദിവസം മാറ്റിവച്ച തെളിവെടുപ്പാണ് പോലീസ് ഇന്നലെ പൂര്‍ത്തിയാക്കിയത്.
മൃതദേഹം കാറില്‍നിന്നു ഇറക്കിവച്ച സ്ഥലവും കൊണ്ടുപോയ വഴിയും കുഴിച്ചിട്ട സ്ഥലവും അഖില്‍ പോലീസിന് കാട്ടികൊടുത്തു. ചെരിപ്പ് വലിച്ചെറിഞ്ഞ സമീപ റബര്‍തോട്ടത്തിലെ ഭാഗം രാഹുലാണ് ചൂണ്ടിക്കാണിച്ചത്. തിരച്ചിലില്‍ ഒരു ചെരുപ്പുമാത്രമെ കിട്ടിയുള്ളൂ.
ഇത് ആദര്‍ശിനെയും കാണിച്ച് ഉറപ്പുവരുത്തി. കയര്‍, കുഴിയെടുക്കാനുപയോഗിച്ച പിക്കാസ്, പാര, മണ്‍വെട്ടി, സംഭവസമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍,പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.