CricketNewsSports

അവസാന പന്തുവരെ ആവേശം,അത്ഭുതപ്രകടനവുമായി ത്യാ​ഗി, പഞ്ചാബിനെ അവിശ്വസനീയമായി കീഴടക്കി രാജസ്ഥാൻ

ദുബായ്:ഇതിലും മികച്ച മത്സരം ഐ.പി.എല്ലിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അത്ഭുതവും അവിശ്വസനീയതയുമെല്ലാം പെയ്തിറങ്ങിയ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ രണ്ട് റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 185 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനേ സാധിച്ചുള്ളൂ.

19 ഓവർ കഴിയുമ്പോൾ തന്നെ പഞ്ചാബ് വിജയമുറപ്പിച്ചിരുന്നു. അവസാന ഓവറിൽ വേണ്ടത് വെറും നാല് റൺസ്. പ്രതിഭാധനരായ നിക്കോളാസ് പൂരാനും എയ്ഡൻ മാർക്രവും ക്രീസിൽ. യുവതാരം കാർത്തിക് ത്യാഗിയെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പന്തെറിയാൻ ഏൽപ്പിച്ചത്. ആദ്യ പന്തിൽ മാർക്രത്തിന് റൺസ് എടുക്കാനായില്ല. രണ്ടാം പന്തിൽ താരം സിംഗിളെടുത്തു. മൂന്നാം പന്തിൽ ത്യാഗി പൂരാന്റെ വിക്കറ്റെടുത്തപ്പോഴും പഞ്ചാബ് അപകടം മണത്തില്ല. നാലാം പന്ത് ഡോട്ട് ബോളായതോടെ പഞ്ചാബിന് പിന്നീട് വേണ്ടത് രണ്ട് പന്തുകളിൽ നിന്ന് രണ്ട് റൺസ്. അഞ്ചാം പന്തിൽ ഓൾറൗണ്ടർ ദീപക് ഹൂഡയെയും ത്യാഗി മടക്കിയതോടെ സർവ കണക്കുകൂട്ടലുകളും തെറ്റി. അവസാന പന്തിൽ പഞ്ചാബിന് വിജയിക്കാൻ വേണ്ടത് മൂന്ന് റൺസ്. ബാറ്റുചെയ്യാനെത്തിയ ഫാബിയാൻ അലനെ കാഴ്ചക്കാരനാക്കിക്കൊണ്ട് ത്യാഗിയുടെ പന്ത് ഡോട്ട് ബോളായി. ലോകം അത്ഭുതം കൊണ്ട് കുലുങ്ങിയ സമയം.

അവിശ്വസനീയമായി വിജയം സ്വന്തമാക്കി സഞ്ജുവും സംഘവും അവസാന ചിരി സ്വന്തമാക്കി. വിജയം ഉറപ്പിച്ച ശേഷം ക്രീസ് വിട്ട് പോയ പഞ്ചാബ് നായകൻ രാഹുലിന്റെയും അർധസെഞ്ചുറി നേടിയ മായങ്ക് അഗർവാളിന്റെയും കണ്ണുകൾ അപ്പോൾ നനഞ്ഞുതുടങ്ങിയിരുന്നു. സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 185 ന് പുറത്ത്, പഞ്ചാബ് 20 ഓവറിൽനാലിന് 183

185 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന് വേണ്ടി കെ.എൽ.രാഹുലും മായങ്ക് അഗർവാളും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. മോശം പന്തുകളിൽ മാത്രം റൺസ് സ്കോർ ചെയ്ത് രാഹുലും മായങ്കും പഞ്ചാബിനെ മുന്നോട്ട് നയിച്ചു. ചേതൻ സക്കറിയ എറിഞ്ഞ മൂന്നാം ഓവറിൽ തുടർച്ചയായി ഒരു ഫോറും രണ്ട് സിക്സും നേടിക്കൊണ്ട് രാഹുൽ സ്കോറിങ്ങിന് വേഗം കൂട്ടി. ഒപ്പം ഐ.പി.എല്ലിൽ 3000 റൺസ് തികയ്ക്കുകയും ചെയ്തു.

ആദ്യ അഞ്ചോവറിനിടെ രണ്ടുതവണയാണ് രാഹുലിന്റെ ക്യാച്ച് രാജസ്ഥാൻ ഫീൽഡർമാർ പാഴാക്കിയത്. ബാറ്റിങ് പവർപ്ലേയിൽ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 49 റൺസെടുത്തു. ഏഴാം ഓവറിലെ ആദ്യ പന്തിൽ ഒരു റൺസ് കൂടി എടുത്ത് രാഹുലും മായങ്കും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. കാർത്തിക് ത്യാഗി എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ മൂന്ന് പന്തുകൾ ബൗണ്ടറി കടത്തിക്കൊണ്ട് മായങ്ക് അഗർവാളും ആക്രമിക്കാൻ തുടങ്ങിയതോടെ രാജസ്ഥാൻ പതറി.

ക്രിസ് മോറിസ് എറിഞ്ഞ പത്താം ഓവറിലെ മൂന്നാം പന്തിൽ സിക്സ് നേടിക്കൊണ്ട് മായങ്ക് അർധസെഞ്ചുറി പൂർത്തിയാക്കി. ഒപ്പം ഐ.പി.എല്ലിൽ 2000 റൺസും പൂർത്തിയാക്കി. 34 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി കണ്ടെത്തിയത്. അതേ ഓവറിൽ തന്നെ രാഹുലും മായങ്കും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. ആദ്യ പത്തോവറിൽ 106 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.

ഒടുവിൽ ഈ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് ചേതൻ സക്കറിയ രാജസ്ഥാന് ആശ്വാസം പകർന്നു. സ്കോർ 120-ൽ നിൽക്കെ 33 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 49 റൺസെടുത്ത രാഹുലിനെ സക്കറിയ കാർത്തിക് ത്യാഗിയുടെ കൈയ്യിലെത്തിച്ചു. പഞ്ചാബിനെ സുരക്ഷിതമായ നിലയിലെത്തിച്ച ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്.

രാഹുലിന് പിറകേ മായങ്കും പുറത്തായത് പഞ്ചാബിന് തിരിച്ചടി സമ്മാനിച്ചു. 43 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 67 റൺസെടുത്ത മായങ്കിനെ രാഹുൽ തെവാത്തിയ ലിവിങ്സ്റ്റന്റെ കൈയ്യിലെത്തിച്ചു.

പിന്നീട് ക്രീസിലൊന്നിച്ച നിക്കോളാസ് പൂരാനും എയ്ഡൻ മാർക്രവും ചേർന്ന് ടീം സ്കോർ 150 കടത്തി. വൈകാതെ ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിയെങ്കിലും ത്യാഗിയുടെ ഉശിരൻ പ്രകടനം രാജസ്ഥാന്റെ തലവര മാറ്റിയെഴുതി. അവിശ്വസനീയമായ വിജയം ടീം സ്വന്തമാക്കി. മാർക്രം 26 റൺസും പൂരാൻ 32 റൺസും നേടി അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഇരുവരും പടിക്കൽ കലമുടച്ചു.

രാജസ്ഥാന് വേണ്ടി ത്യാഗി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ചേതൻ സക്കറിയയും രാഹുൽ തെവാത്തിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 184 റൺസിന് ഓൾ ഔട്ടായി. 49 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 43 റൺസെടുത്ത മഹിപാൽ ലോംറോറിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് രാജസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. പഞ്ചാബിനായി അർഷ്ദീപ് അഞ്ചുവിക്കറ്റ് വീഴ്ത്തി.

ജയ്സ്വാൾ മികച്ച തുടക്കം നൽകിയപ്പോൾ മധ്യ ഓവറുകളിൽ ലോംറോർ കത്തിക്കയറി. എന്നാൽ അവസാന ഓവറുകളിൽ സ്കോർ ഉയർത്താൻ മറ്റ് രാജസ്ഥാൻ ബാറ്റ്സ്മാൻമാർക്ക് സാധിച്ചില്ല.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ എവിൻ ലൂയിസും യശസ്വി ജയ്സ്വാളും ചേർന്ന് നൽകിയത്. അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും 5.3 ഓവറിൽ സ്കോർ 54 റൺസ് നേടി.

എന്നാൽ മികച്ച ഫോമിൽ മുന്നേറുകയായിരുന്ന എവിൻ ലൂയിസിനെ പുറത്താക്കി അർഷ്ദീപ് സിങ് പഞ്ചാബിന് ആശ്വാസം പകർന്നു. 21 പന്തുകളിൽ നിന്ന് 36 റൺസെടുത്ത ലൂയിസിനെ അർഷ്ദീപ് മായങ്ക് അഗർവാളിന്റെ കൈയ്യിലെത്തിച്ചു. ലൂയിസിന് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ രാജസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തു.

എന്നാൽ ക്രീസിൽ നിലയുറപ്പിക്കുംമുൻപ് സഞ്ജു സാംസണെ പുറത്താക്കി ഇഷാൻ പോറെൽ അരങ്ങേറ്റം ഗംഭീരമാക്കി. സഞ്ജുവിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ രാഹുൽ മികച്ച ജംപിലൂടെ കൈയ്യിലാക്കി. വെറും നാല് റൺസ് മാത്രമാണ് രാജസ്ഥാൻ നായകന്റെ സമ്പാദ്യം.

സഞ്ജുവിന് പകരം ക്രീസിലെത്തിയ അരങ്ങേറ്റക്കാരൻ ലിയാം ലിവിങ്സ്റ്റൺ നന്നായി ബാറ്റ് ചെയ്യാൻ ആരംഭിച്ചതോടെ രാജസ്ഥാൻ സകോർ കുതിച്ചു. 11 ഓവറിൽ ടീം സ്കോർ 100 കടന്നു. പക്ഷേ ലിവിങ്സ്റ്റന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് അർഷ്ദീപ് വീണ്ടും രാജസ്ഥാന് വില്ലനായി. 17 പന്തുകളിൽ നിന്ന് 25 റൺസെടുത്ത ലിവിങ്സ്റ്റണെ അർഷ്ദീപ് ഫാബിയൻ അലന്റെ കൈയ്യിലെത്തിച്ചു. ഇംഗ്ലീഷ് താരത്തിന് പകരം മഹിപാൽ ലോംറോർ ക്രീസിലെത്തി.

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പതറാതെ പിടിച്ചുനിന്ന ജയ്സ്വാൾ ടീം സ്കോർ ഉയർത്തി. എന്നാൽ അർധസെഞ്ചുറിയ്ക്ക് ഒരു റൺ അകലെ യശസ്വി ജയ്സ്വാളും വീണു. 36 പന്തുകളിൽ നിന്ന് 49 റൺസെടുത്ത ജയ്സ്വാളിനെ ഹർപ്രീത് ബ്രാർ മായങ്ക് അഗർവാളിന്റെ കൈയ്യിലെത്തിച്ചു.

പക്ഷേ രാജസ്ഥാന്റെ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകിക്കൊണ്ട് മഹിപാൽ ലോംറോർ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. തുടർച്ചയായി സിക്സുകൾ പായിച്ചുകൊണ്ട് ലോംറോർ ടീം സ്കോർ 150 കടത്തി. ദീപക് ഹൂഡയെറിഞ്ഞ 16-ാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും സഹിതം 24 റൺസാണ് ലോംറോർ അടിച്ചെടുത്തത്.

17-ാം ഓവറിലെ മൂന്നാം പന്തിൽ നാല് റൺസ് മാത്രമെടുത്ത യുവതാരം റിയാൻ പരാഗിനെ പുറത്താക്കി മുഹമ്മദ് ഷമി രാജസ്ഥാന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. ഈ ഓവർ പഞ്ചാബിന് നിർണായകമായി. അടുത്ത ഓവറിൽ അപകടകാരിയായ ലോംറോറിനെ മടക്കി അർഷ്ദീപ് കൊടുങ്കാറ്റായി. 17 പന്തുകളിൽ നിന്ന് രണ്ട് ബൗണ്ടറിയുടെയും നാല് സിക്സിന്റെയും അകമ്പടിയോടെ 43 റൺസെടുത്ത ലോംറോറിനെ അർഷ്ദീപ് എയ്ഡൻ മാക്രത്തിന്റെ കൈയ്യിലെത്തിച്ചു. ടീം സ്കോർ 169-ൽ എത്തിച്ച ശേഷമാണ് ലോംറോർ ക്രീസ് വിട്ടത്.

പിന്നാലെ വന്ന വെടിക്കെട്ട് താരം രാഹുൽ തെവാട്ടിയയെ ക്ലീൻ ബൗൾഡാക്കി ഷമി രാജസ്ഥാന്റെ ഏഴാം വിക്കറ്റ് പിഴുതെടുത്തു. വെറും നാല് റൺസ് മാത്രമാണ് താത്തിന് നേടാനായത്. അതേ ഓവറിൽ തന്നെ ഓൾറൗണ്ടർ ക്രിസ് മോറിസിനെയും ഷമി പറഞ്ഞയച്ചു. വെറും അഞ്ച് റൺസെടുത്ത മോറിസിനെ ഷമി മാർക്രത്തിന്റെ കൈയ്യിലെത്തിച്ചു.

പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിങ് നാലോവറിൽ 32 റൺസ് വിട്ടുനൽകി അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഹർപ്രീത് ബ്രാർ, ഇഷാൻ പോറെൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.പഞ്ചാബിന് വേണ്ടി എയ്ഡൻ മാർക്രം, ആദിൽ റഷീദ് എന്നിവർ അരങ്ങേറ്റം നടത്തി. രാജസ്ഥാന് വേണ്ടി ലിയാം ലിവിങ്സ്റ്റൺ, എവിൻ ലൂയിസ് എന്നിവരും അരങ്ങേറി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker