റെയിൽവേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കി കേന്ദ്രം, 150 ട്രെയിനുകളുടെ സര്‍വീസിന് കമ്പനികള്‍ക്ക് വൈകാതെ അനുമതി നൽകും
ന്യൂഡൽഹി:ആധുനികരിച്ച പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്താനുള്ള പദ്ധതിയുമായി റെയില്‍വെ. റെയില്‍വെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ ട്രെയിന്‍ സര്‍വീസിന് ജിഎംആര്‍, എല്‍ആന്‍ഡ്ടി, ഭെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് വൈകാതെ അനുമതി ലഭിച്ചേക്കും. വിവിധ റൂട്ടുകളിലായി ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ റെയില്‍വെയുടെ ചുരുക്കപ്പട്ടികയില്‍ 13 കമ്പനികളാണുള്‍പ്പെട്ടിട്ടുള്ളത്.
ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി), ഭാരതി ഹെവി ഇലക്ട്രിക്കല്‍സ്, വെല്‍സ്പണ്‍ എന്റര്‍പ്രൈസ്, പിന്‍സി ഇന്‍ന്‍ഫ്രടെക്, ക്യൂബ് ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍, മേഘ എന്‍ജിനിയറിങ്, ഐആര്‍ബി ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്പേഴ്സ് തുടങ്ങിയ കമ്പനികളെ 12 ക്ലസ്റ്ററിലായി സ്വകാര്യ ട്രെയിന്‍ സര്‍വീസിന് റെയില്‍വെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട കാരാറിനു ശേഷം (ആര്‍എഫ്പി) ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുക്കും.
12 ക്ലസ്റ്ററുകളിലായി 150 ആധുനിക ട്രയിനുകളാകും ഓടിക്കുക. റെയില്‍വെ ശൃംഖലയില്‍ യാത്രാ തീവണ്ടികള്‍ ഓടിക്കുന്നതിനായി സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ആദ്യത്തെ പ്രധാന സംരംഭമാണിത്. 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. സ്വകാര്യ ട്രെയിനുകള്‍ വരുന്നതിന് മുമ്പായി തിരക്കേറിയ റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. 2025 മാര്‍ച്ചോടെ എല്ലാ ട്രെയിനുകളും 160 കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കാനാണ് ഉദ്ദേശ്യം.